News - 2025
വംശീയ അധിക്ഷേപങ്ങൾക്കിരയായി മ്യാൻമറിലെ ക്രൈസ്തവരും
സ്വന്തം ലേഖകന്‍ 04-10-2017 - Wednesday
യാങ്കോൺ: മ്യാൻമറിലെ മിലിട്ടറി അധിനിവേശം രോഹിൻഗ്യകൾക്കു പുറമേ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ജീവനും ഭീഷണിയാകുന്നു. നിലവിലെ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ രോഹിൻഗ്യ മുസ്ലിംകളില്‍ മാത്രം ഒതുങ്ങുമ്പോള്‍ ക്രൈസ്തവര്‍ കടുത്ത വിവേചനത്തിന് ഇരയാകുകയാണെന്ന് ഏഷ്യന്യൂസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പരമ്പരാഗതമായി ബുദ്ധമത രാജ്യമായ മ്യാൻമാറിൽ ഒരു വർഗ്ഗവും ഒരു മതവും എന്ന തത്വം പ്രാവർത്തികമാക്കുകയാണ് മിലിട്ടറി ലക്ഷ്യമെന്ന്‍ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. എന്നാൽ അഞ്ഞൂറോളം വർഷങ്ങൾക്ക് മുൻപു തന്നെ ക്രൈസ്തവ സാന്നിധ്യം മ്യാൻമാറിലുണ്ട്.
കച്ചിൻ, ചിൻ, നഗ പ്രദേശങ്ങളിലെ ക്രൈസ്തവർ ദശാബ്ദങ്ങളായി പീഡനങ്ങൾ നേരിടുന്നുണ്ട്. ദേവാലയത്തിനായി ഭൂമി അനുവദിക്കാത്തത് ക്രൈസ്തവ വിരുദ്ധ നിലപാട് നിയമങ്ങളായി അടിച്ചേല്പിക്കപ്പെടുന്നതിനു പ്രധാന ഉദാഹരണമാണ്. അതിനാൽ ഭൂരിപക്ഷം വിശ്വാസികളും ഭവനങ്ങളിലാണ് സമൂഹം പ്രാർത്ഥനകൾക്കായി ഒത്തുചേരുന്നത്. ക്രൈസ്തവ കൂട്ടായ്മയെ തകർക്കുന്നതിനോടൊപ്പം ബുദ്ധമത പ്രചാരണത്തിനായി ഗവൺമെന്റ് മുന്നിട്ടിറങ്ങുന്നത് ആശങ്കാജനകമാണെന്ന്‍ ക്രൈസ്തവ ന്യൂനപക്ഷം ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുണ്ട്.
കച്ചിൻ പ്രവശ്യയിൽ ദിവ്യബലി നടത്തുന്നതിനും വിശ്വാസികളുടെ കൂട്ടായ്മക്കും നേരെ തുടർച്ചയായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ക്രൈസ്തവരെ വിപ്ലവകാരികളായി ശിക്ഷിക്കുന്ന സംഭവങ്ങളുമുണ്ട്. നിലവില്‍ ഒന്നര ലക്ഷത്തോളം ജനങ്ങളാണ് കച്ചിനിൽ നിന്നും പലായനം ചെയ്ത് സ്വഭവനങ്ങളിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങളാൽ പ്രതിസന്ധിയിലാണ് ആയിരകണക്കിന് കുടുംബങ്ങള്‍. ക്രൈസ്തവരെ തഴഞ്ഞ് ബുദ്ധമതസ്ഥർക്ക് ഗവൺമെന്റ് സ്ഥാപനങ്ങളിൽ സ്ഥാനക്കയറ്റം അനുവദിക്കുന്നതും രാജ്യത്തെ ന്യൂനപക്ഷ വിരുദ്ധതയുടെ നേർകാഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നു.
രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ മ്യാൻമാർ ഡെമോക്രാറ്റിക്ക് നേതാവ് സാൻ സുചിയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റമില്ല. വംശശുദ്ധീകരണത്തിന്റെ പേരില്‍ ഒരു ജനതയെ ഭരണകൂടം ചുട്ടെരിക്കുമ്പോള്‍ മൗനം തുടര്‍ന്നതിന് കടുത്ത വിമര്‍ശനമാണ് സൂചിയ്ക്ക് രാജ്യാന്തരസമൂഹത്തില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത്. അതേസമയം നവംബര്‍ 27 മുതല്‍ 30 വരെ തീയതികളില്‍ മ്യാന്‍മറില്‍ ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തുന്നുണ്ട്. രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കുന്നതിന് മാര്‍പാപ്പയുടെ സന്ദര്‍ശനം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.