News - 2025
ലോകരക്ഷയ്ക്കായുള്ള പോളിഷ് ജനതയുടെ ജപമാലയത്നം ഇന്ന്
സ്വന്തം ലേഖകന്‍ 07-10-2017 - Saturday
വാര്‍സോ: ‘പാപത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുക’ എന്ന നിയോഗത്തിന് വേണ്ടി പോളിഷ് ജനത ഇന്ന് പത്തുലക്ഷം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. വാഴ്സോ കേന്ദ്രമായുള്ള പോളണ്ടിലെ മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം രണ്ടായിരം മൈലുകളോളമുള്ള സമുദ്ര-കര അതിര്‍ത്തിയിലാണ് ലക്ഷകണക്കിന് വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് ഇന്നു ജപമാല ചൊല്ലുക. ഏതാണ്ട് പത്തുലക്ഷത്തോളം കത്തോലിക്കര്‍ ജപമാലയത്നത്തില്‍ പങ്കെടുക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍.
പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തിലാണ് ജപമാല യത്നം നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. ഫാത്തിമായില്‍ പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങളുടെ നൂറാംവാര്‍ഷികാഘോഷങ്ങളുടെയും ലെപാന്റോ നാവിക യുദ്ധത്തില്‍ ഇസ്ലാമിക സൈന്യത്തില്‍ നിന്നും ക്രിസ്ത്യാനികള്‍ രക്ഷപ്പെട്ടതിന്റെ വാര്‍ഷികാനുസ്മരണവും ഈ ദിവസം പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. സമൂഹജപമാലയിൽ ദൈവമഹത്ത്വത്തിന് നേരെ നമ്മുടെ ജനങ്ങളുടെ ഹൃദയം തുറക്കുമെന്ന് സംഘാടകർ ‘റോസറി ഓൺ ദ ബോർഡേഴ്‌സിന്റെ’ വെബ്‌സൈറ്റിൽ കുറിച്ചു.
അതേസമയം, രാജ്യാതിർത്തിയിൽ നടക്കുന്ന സമൂഹജപമാലയിൽ പങ്കെടുക്കാൻ കഴിയാത്ത കുടുംബങ്ങൾക്ക് വീട്ടിലിരുന്നും രോഗികൾക്ക് ആശുപത്രിയിലിരുന്നും ഇടവകാ ജനങ്ങൾക്ക് ദേവാലയങ്ങളിലിരുന്നും കൊന്തയിൽ പങ്കെടുക്കാമെന്ന് പോളണ്ടിലെ ബിഷപ്പുമാരുടെ കോൺഫറൻസ് വ്യക്തമാക്കി. 22 രൂപതകളില്‍ നിന്നുമായി 319-ഓളം ദേവാലയങ്ങളായിരിക്കും ജപമാല യത്നം നടത്തുക. കത്തോലിക്ക വിശ്വാസം ശക്തമായി പ്രഘോഷിച്ചുകൊണ്ട് മുന്നേറുന്ന ഒരു രാജ്യമാണ് പോളണ്ട്.
കഴിഞ്ഞ നവംബര്‍ മാസത്തില്‍ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി യേശുക്രിസ്തുവിനെ സ്വീകരിക്കുന്നുവെന്ന പ്രത്യേക പ്രഖ്യാപനവും പോളണ്ട് ജനത നടത്തിയിരുന്നു. രാജ്യത്തെ ബിഷപ്പിന്റെ നേതൃത്വത്തില്‍ ഒത്തുകൂടിയ വലിയ വിശ്വാസ സമൂഹം, പ്രസിഡന്റ് ആന്‍ഡര്‍സെജ് ഡ്യൂഡയുടെ സാന്നിധ്യത്തിലാണ് ക്രിസ്തുവിനെ തങ്ങളുടെ രാജ്യത്തിന്റെ രാജാവായി സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ പോളണ്ടിലെ പ്രധാനമന്ത്രിയായ ബീറ്റാ സിട്ലോയുടെ മകന്‍ തിരുപട്ടം സ്വീകരിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരിന്നു.
ജനുവരി മാസത്തില്‍ 'ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ദ കാത്തലിക് ചര്‍ച്ച് ഇന്‍ പോളണ്ട്' പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ കത്തോലിക്ക വൈദികരുരുടെ എണ്ണവും സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കടന്നിരിക്കുകയാണ്. 20,800 വൈദികരാണ് ഇപ്പോള്‍ പോളണ്ടിലെ കത്തോലിക്ക സഭയ്ക്ക് ഉള്ളത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തേയും, ഭരണത്തേയും പാടെ ഉപേക്ഷിച്ച് പുതിയ വിശ്വാസപാതയിലൂടെ മുന്നേറ്റം നടത്തുകയാണ് രാജ്യം.