News - 2024

രക്തസാക്ഷിത്വം വരിച്ച കോപ്റ്റിക് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍ 09-10-2017 - Monday

ട്രിപ്പോളി: ലോക മനസാക്ഷിയെ നടുക്കി 2015-ല്‍ ലിബിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ വധിച്ച ഇരുപത്തിയൊന്ന് കോപ്റ്റിക്ക് ക്രൈസ്തവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൂട്ടക്കുരുതി നടന്ന മെഡിറ്ററേനിയൻ തീരത്ത് സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. രക്തം പുരണ്ട ഓറഞ്ച് വസ്ത്രങ്ങളും നിരനിരയായി കിടത്തിയരിക്കുന്ന മൃതദേഹങ്ങളും ഭീകരതയുടെ തീവ്രത വ്യക്തമാക്കുകയാണെന്ന് 'ലാസ്റ്റ്ആമ്പ' റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ തീവ്രവാദി സംഘത്തിലെ ഒരാളെ ലിബിയന്‍ സേന കഴിഞ്ഞ ആഴ്ചയാണ് അറസ്റ്റ് ചെയ്തത്.

ലിബിയൻ അറ്റോണി ജനറൽ അസിസ്റ്റന്റ് അല്‍-സാദിഖ് അല്‍-സോര്‍ നടത്തിയ ചോദ്യം ചെയ്യൽ വേളയിലാണ് മൃതശരീരം അടക്കിയ സ്ഥലത്തെ പറ്റിയുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്. ജിഹാദി തീവ്രവാദികൾ ബന്ദികളുടെ കഴുത്തിൽ കത്തി ചൂണ്ടി നില്ക്കുന്ന ദൃശ്യങ്ങൾ വലിയ രീതിയില്‍ പ്രചരിച്ചിരിന്നു. പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങൾ പകർത്തിയ ഭീകരനാണ് സംഭവസ്ഥലം വെളിപ്പെടുത്തിയത്. മൃതശരീരം ഉള്‍പ്പെടുന്ന സ്ഥലം കണ്ടെത്തിയതോടെ രക്തസാക്ഷിത്വം വരിച്ചവരുടെ ആശ്രിതർക്ക് പ്രിയപ്പെട്ടവരുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം ശരീരവശിഷ്ടങ്ങൾ ഇതിനോടകം അഴുകിയതിനാൽ കൃത്യമായ തെളിവുകൾ ലഭ്യമല്ലായെന്നാണ് റിപ്പോര്‍ട്ട്.

അന്നുകൊല്ലപ്പെട്ട കോപ്റ്റിക്ക് ക്രൈസ്തവരുടെ സ്മരണാര്‍ത്ഥം ഈജിപ്തിലെ മിന്യായിൽ പ്രസിഡന്റ് അൽ സിസിയുടെ നേതൃത്വത്തിൽ ദേവാലയ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. അതിനു സമീപമായിരിക്കും മൃതദേഹാവശിഷ്ട്ടങ്ങള്‍ സംസ്കരിക്കുക. തുടർന്ന് കല്ലറകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ രക്തസാക്ഷിത്വ സ്മാരകമായി നാമകരണം ചെയ്യും. മതമര്‍ദ്ദനം നേരിടുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ പ്രതിനിധിയാണ് വധിക്കപ്പെട്ടവരെ ആഗോള സഭ കാണുന്നത്.

കോപ്റ്റിക് പോപ്പ് തവദ്രോസ് രണ്ടാമന്‍ മരണം വരിച്ച ക്രൈസ്തവരുടെ രക്തസാക്ഷിത്വം ഔദ്യോഗികമായി അംഗീകരിച്ച് സിനാക്സാറിയമെന്ന രക്തസാക്ഷി പുസ്തകത്തിൽ നേരത്തെ രേഖപ്പെടുത്തിയിരിന്നു. 2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ലോക മനസാക്ഷിയെ നടുക്കിയ ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. രണ്ട് വര്‍ഷത്തോളമായി ക്രൈസ്തവ നരഹത്യ നടത്തിയവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ തിരച്ചിലില്‍ ആയിരിന്നു.


Related Articles »