News - 2024

അഫ്ഗാനിസ്ഥാനെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിച്ചു

സ്വന്തം ലേഖകന്‍ 18-10-2017 - Wednesday

കാബൂൾ: ഏഷ്യയിലെ ഏറ്റവും ശക്തമായ ക്രൈസ്തവ മതമര്‍ദ്ദനം അരങ്ങേറുന്ന അഫ്ഗാനിസ്ഥാനെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിച്ചു. ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ദിനമായ ഒക്ടോബര്‍ 14നാണ് രാജ്യത്തെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനു സമര്‍പ്പിച്ചത്. കാബൂളിലെ ഇറ്റാലിയൻ എംബസ്സിയുടെ കപ്പേളയിൽ വച്ചാണ് പ്രതിഷ്ഠ നടത്തിയത്.

ഫാത്തിമാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയിൽ തന്നെ വിമലഹൃദയത്തിന് രാജ്യത്തെ പ്രതിഷ്ഠിക്കുക വഴി അഫ്ഗാനിസ്ഥാൻ നേരിടുന്ന അരാജകത്വത്തിന് ഒരു അവസാനമുണ്ടാകുമെന്ന്‍ അഫ്ഗാനിസ്ഥാൻ വൈദികന്‍ ഫാ. ജിയോവാനി സാലസേ പറഞ്ഞു. രാജ്യത്തെ ചെറിയ അജഗണമായ ക്രൈസ്തവരുടെ പങ്കാളിത്തം ചടങ്ങിൽ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ഇസ്ലാമിക രാഷ്ട്രമാണെങ്കിലും ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവരാണ് നമ്മുടെ സഹോദരീ സഹോദരന്മാരായ മുസ്ലിം ജനതയും. ചരിത്രപരമായ മുഹൂർത്തതിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. പരിശുദ്ധ കന്യകമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കുക വഴിയായി ദൈവതിരുഹിതമനുസരിച്ച് ജീവിക്കാനുള്ള തുറവി ലഭിക്കും.

റഷ്യയെ മാതാവിന് പ്രതിഷ്ഠിക്കപ്പെട്ട് അധികം വൈകാതെ തന്നെയാണ് ബർലിൻ വൻമതിൽ തകർന്ന് സോവിയറ്റ് യൂണിയനും കമ്യൂണിസവും അതോടൊപ്പം ഇല്ലാതായത്. മനുഷ്യ പ്രയത്നം കൂടാതെ ഏതു വിഷമ പ്രതിസന്ധിയെയും അതിജീവിക്കാനാകുമെന്നതിന് ഒരു ഉദാഹരണമാണ് ഈ സംഭവം. ഇതിന് സമാനമായി പല പുരോഗമനപരമായ മാറ്റങ്ങളും അഫ്ഗാനിസ്ഥാനിൽ നടക്കുമെന്ന പ്രതീക്ഷയും ഫാ.സാലസ് പങ്കുവെച്ചു. ക്രൈസ്തവപീഡനം ശക്തമായ ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്‍.


Related Articles »