News - 2025
നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ട് പോയ വൈദികന്‍ മോചിതനായി
സ്വന്തം ലേഖകന്‍ 18-10-2017 - Wednesday
അബൂജ: നൈജീരിയായിലെ ബെനിന്‍ നഗരത്തില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയ ഇറ്റാലിയന്‍ വൈദികന്‍ ഫാ. മോറിസിയോ പല്ലൂ മോചിതനായി. ദൈവത്തിന്റെ അത്ഭുതകരമായ ശക്തിയാലാണ് താന്‍ മോചിതനായതെന്ന് അദ്ദേഹം വത്തിക്കാന്‍ റേഡിയോയോട് പ്രതികരിച്ചു. പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും മാധ്യസ്ഥം തന്റെ മോചനത്തിന് സഹായമായതായും അദ്ദേഹം പറഞ്ഞു. നൈജീരിയായില്‍ മൂന്നു വര്‍ഷമായി ശുശ്രൂഷ ചെയ്തുകൊണ്ടിരിന്ന ഫാ. മോറിസിയോയെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയത്.
അറുപത്തിമൂന്നുകാരനായ ഫാ. മോറിസിയോ തന്റെ ജന്മദിനത്തിലാണ് മോചിതനായതെന്നത് ശ്രദ്ധേയമാണ്. ഞായറാഴ്ച അദ്ദേഹം സ്വവസതിയിലേക്ക് വിളിച്ചിരിന്നു. ഉടനെ മോചിതനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അന്ന്‍ പറഞ്ഞിരിന്നു. മോചനദ്രവ്യം മുന്നില്‍ കണ്ടാണ് വൈദികനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്. തട്ടിക്കൊണ്ട് പോയ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇസ്ളാമിക തീവ്രവാദികള്‍ക്ക് ഇതുമായി ബന്ധമില്ലെന്നാണ് പോലീസ് വിലയിരുത്തല്‍.