News - 2025
പൗരസ്ത്യ ഓർത്തോഡോക്‌സ് സഭാധ്യക്ഷന്മാര്‍ ജര്‍മ്മന്‍ പ്രസിഡന്‍റിനെ സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍ 20-10-2017 - Friday
ബെര്‍ലിന്‍: പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാ അദ്ധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ജര്‍മ്മനിയില്‍ എത്തിയ സഭാധ്യക്ഷന്മാര്‍ ജര്‍മ്മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റൈന്‍മയറിനെ സന്ദര്‍ശിച്ചു. സന്ദര്‍ശനാന്തരം പാര്‍ലമെന്റ് അംഗങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി. 18ന് ആരംഭിച്ച സമ്മേളനം 22നാണ് സമാപിക്കുക. കോപ്റ്റിക് പാത്രിയര്‍ക്കീസ് പരിശുദ്ധ പോപ് തവദ്രോസ്, അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം, അര്‍മ്മീനിയന്‍ സുപ്രീം കാതോലിക്കാ പാത്രീയര്‍ക്കീസ് പരിശുദ്ധ കരീക്കന്‍ ദ്വിതീയന്‍ തുടങ്ങിയവരും മലങ്കര സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ന് ജര്‍മനിയിലെ ഇവാഞ്ചലിക്കല്‍ സഭകളുടെ ആഭിമുഖ്യത്തില്‍ 'പൂര്‍വ ഏഷ്യന്‍ രാജ്യങ്ങളുടെ ക്രൈസ്തവസഭകളുടെ ഭാവി' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. 'സ്വതന്ത്ര ഭാരതത്തിലെ മാര്‍ത്തോമന്‍ ക്രൈസ്തവരുടെ സ്വത്വം' എന്ന വിഷയത്തില്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ മുഖ്യപ്രഭാഷണം നടത്തും. 21, 22 തീയതികളില്‍ ജര്‍മ്മന്‍ കാത്തോലിക്കാ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദ്ദിനാള്‍ റെയിന്‍ഹാര്‍ഡ് മാര്‍ക്‌സിന്‍റെ ആസ്ഥാനത്ത് നല്‍കുന്ന സ്വീകരണത്തിലും ഗോറ്റിന്‍ഗന്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കും.