News - 2024

ബൈബിള്‍ വചനം ട്വിറ്ററിൽ പങ്കുവെയ്ക്കുന്നത് തുടരുമെന്ന് യു.എസ് സെനറ്റർ റൂബിയോ

സ്വന്തം ലേഖകന്‍ 20-10-2017 - Friday

വാഷിംഗ്ടൺ: ബൈബിൾ വചനം ട്വീറ്റ് ചെയ്യുന്ന പതിവ് നിര്‍ത്തണമെന്ന നിരീശ്വരസംഘടനയുടെ ആവശ്യത്തെ നിരാകരിച്ച് യു എസ് സെനറ്റർ മാര്‍ക്കോ റൂബിയോയുടെ വിശ്വാസസാക്ഷ്യം. രണ്ടു മാസത്തോളമായി സമ്മർദ്ധം ചെലുത്തുന്ന സംഘടനയുടെ ആവശ്യം താൻ പരിഗണിക്കില്ലെന്നും ബൈബിള്‍ വചനങ്ങള്‍ പങ്കുവെക്കുന്നത് അലോസരമുണ്ടെങ്കില്‍ അവര്‍, തന്നെ ട്വിറ്ററിൽ പിന്തുടരുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം തന്റെ ജീവിതത്തെ ഏറെ സ്വാധീനം ചെലുത്തുന്ന ഒന്നാണെന്നും അദ്ദേഹം സിബിഎന്നിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി.

നേരത്തെ വിസ്‌കോണ്‍സിന്‍ ആസ്ഥാനമായ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ എന്ന നിരീശ്വരസംഘടനയാണ് ബൈബിള്‍ വചനം ട്വീറ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത്. മൂന്നു മില്യണിനടുത്ത് ഫോളോവേഴ്‌സുള്ള മാര്‍ക്കോ റുബിയോ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ അറുപതോളം ബൈബിള്‍ വചനങ്ങള്‍ ട്വീറ്റ് ചെയ്തെന്നും ഇത് അവസാനിപ്പിക്കണമെന്നുമായിരിന്നു സംഘടനയുടെ ആവശ്യം. ഇതിനെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും സംഘടന അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കി.

എന്നാൽ നിയമ വശങ്ങളെല്ലാം അറിയുന്ന റുബിയോ യേശുവിന് സാക്ഷ്യം നല്‍കി ട്വിറ്ററില്‍ വചനം പങ്കുവെയ്ക്കൽ തുടരുകയായിരിന്നു. വിമര്‍ശകരുടെ വായടിപ്പിക്കുവാന്‍ സുഭാഷിതങ്ങള്‍ പതിനെട്ടാം അധ്യായം രണ്ടാം വാക്യം "ഭോഷനു സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലല്ലാതെ കാര്യം ഗ്രഹിക്കുന്നതില്‍ താത്പര്യമില്ല" എന്ന വചനമാണ് അദ്ദേഹം ഇക്കഴിഞ്ഞ ബുധനാഴ്ച ട്വീറ്റ് ചെയ്തത്. അധികം വൈകാതെ "ക്ഷിപ്രകോപി ബുദ്ധിഹീനമായിപ്രവര്‍ത്തിക്കുന്നു; ബുദ്ധിമാന്‍ ക്ഷമാശീലനാണ്" (സുഭാ 14: 17) എന്ന വചനവും അദ്ദേഹം പങ്കുവെച്ചിരിന്നു.


Related Articles »