Faith And Reason - 2025

സെനറ്റര്‍മാര്‍ അഭ്യര്‍ത്ഥിച്ചു: വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെയുടെ തിരുശേഷിപ്പു പോളണ്ട് പാര്‍ലമെന്റില്‍ എത്തിച്ചു

പ്രവാചക ശബ്ദം 26-12-2020 - Saturday

വാര്‍സോ:രണ്ടാം ലോക മഹായുദ്ധകാലത്ത് ഓഷ്വിറ്റ്‌സിലെ നാസി തടങ്കല്‍പ്പാളയത്തില്‍ സഹതടവുകാരന് വേണ്ടി ജീവന്‍ ബലികഴിച്ച വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെയുടെ തിരുശേഷിപ്പുകള്‍ ക്രിസ്തുമസിനോട് അനുബന്ധിച്ച് പോളിഷ് പാര്‍ലമെന്റിലെ ചാപ്പലില്‍ വണക്കത്തിനുവെച്ചു. പോളിഷ് മെത്രാന്‍ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. സെനറ്റര്‍ ജെര്‍സി ക്രോസിക്കോവ്സ്കി, പാര്‍ലമെന്റിന്റെ അധോസഭയിലെ മാര്‍ഷലായ എലിസബിയറ്റാ വിറ്റെക്, സെജം ചാപ്പലിലെ ചാപ്ലൈന്‍ ഫാ. പിയോട്ട്ര്‍ ബുര്‍ഗോണ്‍സ്കി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തുവെന്ന് സെജം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

നിരവധി ഡെപ്യൂട്ടികളുടേയും, സെനറ്റര്‍മാരുടേയും അഭ്യര്‍ത്ഥന മാനിച്ച് ഔര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ പ്രവിശ്യയെ പ്രതിനിധീകരിച്ച് പ്രവിശ്യാ മിനിസ്റ്റര്‍ ഗ്രസെഗോര്‍സ് ബാര്‍ട്ടോസിക്, ഡാമിയന്‍ കാക്ക്സ്മാറെക്ക്, നീപ്പോകാലാനോവിലെ ഫ്രാന്‍സിസ്കന്‍ ആശ്രമത്തിലെ ഗാര്‍ഡിയനായ ഫാ. മാരിയുസ് സ്ലോവിക് തുടങ്ങിയവരാണ് തിരുശേഷിപ്പുകള്‍ കൈമാറിയത്. ദൈവ മാതാവിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള സെജമിലെ ദേവാലയത്തിലായിരുന്നു തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റേയും, വിശുദ്ധ ജോവന്നാ ബെറെറ്റായുടേയും മോല്ലായുടേയും തിരുശേഷിപ്പുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

1894 ജനുവരി 8-ന് ലോഡ്സിന് സമീപമുള്ള ഡൂണ്‍സ്കാവോളയിലാണ് രാജ്മുണ്ട് കോള്‍ബെ എന്ന വിശുദ്ധ മാക്സിമില്യന്‍ കോള്‍ബെ ജനിച്ചത്. 1910-ല്‍ അദ്ദേഹം ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്നു. റോമിലെ പഠനത്തിനിടക്കാണ് കോള്‍ബെ കന്യകാമറിയത്തോടുള്ള ആദരസൂചകമായി ‘മിലീഷ്യ ഇമ്മാക്കുലേറ്റ്’ എന്ന അമലോല്‍ഭവ സൈന്യത്തിന് അദ്ദേഹം രൂപം കൊടുക്കുന്നത്. ക്രാക്കോവില്‍ തിരിച്ചെത്തിയ കോള്‍ബെ മരിയന്‍ പടയാളി എന്ന മാഗസിനും പുറത്തിറക്കുകയും റേഡിയോ നിലയം സ്ഥാപിക്കുകയും ചെയ്തു.1939-ല്‍ ലോകത്തെ ഏറ്റവും വലിയ ആശ്രമവും സ്ഥാപിച്ചത് കോള്‍ബെയാണ്.

1941-ലാണ് വിശുദ്ധന്‍ ഓഷ്വിറ്റ്‌സ് തടവറയില്‍ അടക്കപ്പെടുന്നത്. തടവറയിൽനിന്ന് ഒരാൾ രക്ഷപെട്ടതിന് പകരമായി പത്തുപേരെ പട്ടിണിക്കിട്ട് കൊല്ലാൻ ജയിലധികൃതര്‍ തീരുമാനിച്ചു. ആ ലിസ്റ്റില്‍പ്പെട്ട ഗജോണിഷെക് എന്നയാൾക്കു പകരം വിശുദ്ധന്‍ മരിക്കാൻ തയ്യാറായി. അങ്ങനെ വിശുദ്ധന്‍ ഉൾപ്പെടുന്ന പത്തുപേർ ഒരു ചെറിയ അറയിൽ അടക്കപ്പെട്ടു. പട്ടിണിക്കിട്ടിട്ടും മരിക്കാത്തതിനാല്‍ ഫാ. മാക്സിമില്യണെ മാരക വിഷം കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. 1971 ഒക്ടോബർ 17ന് പോൾ ആറാമൻ മാർപാപ്പ ഫാ. മാക്സിമില്യൻ കോൾബെയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1982 ഒക്ടൊബർ 10ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക    


Related Articles »