News - 2024

ബ്രിട്ടീഷ് മിഷ്ണറിമാരെ നൈജീരിയായില്‍ നിന്നു തട്ടിക്കൊണ്ടു പോയി

സ്വന്തം ലേഖകന്‍ 20-10-2017 - Friday

അബൂജ: ദമ്പതിമാര്‍ ഉള്‍പ്പെടെയുള്ള നാല് ബ്രിട്ടീഷ് പൗരന്‍മാരായ മിഷ്ണറി പ്രവര്‍ത്തകരെ നൈജീരിയായില്‍ നിന്നും അജ്ഞാതരായ തോക്കുധാരികള്‍ തട്ടിക്കൊണ്ടു പോയി. തെക്കന്‍ നൈജീരിയായിലെ ഡെല്‍റ്റാ സംസ്ഥാനത്തു നിന്നും മിഷ്ണറിമാരെ തട്ടിക്കൊണ്ട പോയ വിവരം സ്റ്റേറ്റ് പോലീസാണ് പുറംലോകത്തെ അറിയിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 13-നാണ് സംഭവം നടന്നത്. കേംബ്രിഡ്ജില്‍ നിന്നുമുള്ള ഡേവിഡ് ഡൊണോവന്‍ (57), അദ്ദേഹത്തിന്റെ ഭാര്യ ഷേര്‍ലി (57) എന്നിവരാണ് തട്ടിക്കൊണ്ട് പോകപ്പെട്ട ദമ്പതികള്‍.

തങ്ങളുടെ രണ്ടു മക്കള്‍ക്കൊപ്പം നൈജീരിയായില്‍ താമസിച്ചു മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു ഈ ദമ്പതികള്‍. അലാനാ, ട്യാന്‍ എന്നിവരാണ് തട്ടിക്കൊണ്ടു പോകപ്പെട്ട മറ്റു രണ്ടുപേര്‍ എന്നു 'പ്രീമിയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയില്‍ കഴിഞ്ഞ 14 വര്‍ഷമായി ‘ന്യൂ ഫൗണ്ടേഷന്‍’ എന്ന പേരില്‍, ബൈബിള്‍ ക്ലാസ്സുകള്‍, സഞ്ചരിക്കുന്ന ക്ലിനിക്ക്, ആരോഗ്യ പരിപാലന കേന്ദ്രം തുടങ്ങിയ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു ഡൊണോവന്‍ ദമ്പതികള്‍. തീക്ഷ്ണതയോടെ പ്രവർത്തിച്ചു വന്നിരുന്ന മിഷൻ പ്രവർത്തകരുടെ തിരോധാനം പ്രദേശവാസികളെ ദുഃഖത്തിലാക്കിയിരിക്കുകയാണ്.

അതേസമയം ഇവരുടെ മോചനത്തിനായി പ്രത്യേക ദൗത്യ സംഘത്തെ പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. സംശയത്തിന്റെ പേരില്‍ 14 പേരെ ഇതിനോടകം തന്നെ പിടികൂടിയതായി പോലീസ് അറിയിച്ചു. മോചനദ്രവ്യത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകുന്ന സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് പ്രാഥമിക നിഗമനം. തിരോധാനത്തിന് പിന്നില്‍ തീവ്രവാദികള്‍ക്കെതിരായി നൈജീരിയന്‍ സൈന്യം കൈകൊണ്ടിരിക്കുന്ന നടപടികളുമായി ബന്ധപ്പെട്ടതാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

മോചനദ്രവ്യത്തിന് വേണ്ടി ആളുകളെ പ്രത്യേകിച്ച് വിദേശികളെ തട്ടിക്കൊണ്ടു പോകുന്നത് നൈജീരിയയില്‍ സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ആഴ്ച നൈജീരിയായിലെ ബെനിന്‍ നഗരത്തില്‍ നിന്ന് ഇറ്റാലിയന്‍ കത്തോലിക്ക വൈദികനെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയിരിന്നു. ബുധനാഴ്ചയാണ് അദ്ദേഹം മോചിതനായത്. ബെനിന്‍ നഗരം ഉള്‍പ്പെടുന്ന എഡോ എന്ന സംസ്ഥാനത്തു നിന്നും ഇതുവരെ ഏഴോളം വൈദികരെയാണ് തട്ടിക്കൊണ്ട് പോയത്. ഇതില്‍ ഒരു വൈദികന്‍ അടുത്തിടെ കൊല്ലപ്പെട്ടിരിന്നു.


Related Articles »