News
നിര്‍ധനരുടെ കോടതിമുറിയിലെ ശബ്ദമായി അഡ്വ. സിസ്റ്റര്‍ ജോസിയ
സ്വന്തം ലേഖകന്‍ 23-10-2017 - Monday
തൊടുപുഴ: ചോദിക്കാനും പറയാനും ആരോരുമില്ലാത്തവര്‍ക്കും കോടതിയും നിയമവും വശമില്ലാത്തവര്‍ക്കും സൗജന്യ സേവനം നൽകികൊണ്ടുള്ള അഡ്വ. സിസ്റ്റര്‍ ജോസിയയുടെ സേവനം മാധ്യമങ്ങളില്‍ ഇടംനേടുന്നു. സീനിയര്‍ അഭിഭാഷകനായ കെ.ടി. തോമസിന്റെ ശിഷ്യയായി കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന സിസ്റ്റര്‍ ജോസിയയുടെ കക്ഷികളെല്ലാം തന്നെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ആദിവാസിമേഖലയിലും ഭിന്നശേഷിക്കാരുടെ ഇടയിലും നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സിസ്‌റ്റേഴ്‌സ് ഓഫ് ദ ഡെസ്റ്റിറ്റിയൂട്ട് സഭയിലെ അംഗമാണ് ഈ സന്യസ്ഥ അഭിഭാഷക.
കോതമംഗലം സെന്റ് വിന്‍സന്റ് പ്രോവിന്‍സ് അംഗമായ സിസ്റ്ററിനു സഭയുടെ പേരുപോലെതന്നെ അഗതികളുടെ സഹോദരിയായി അറിയപ്പെടാനാണ് ആഗ്രഹം. ആരോരുമില്ലാത്തവര്‍ക്ക് വേണ്ടി കോടതിമുറിയില്‍ അവരുടെ ശബ്ദമാകുകയാണ് ഇന്നു അഡ്വ. ജോസിയ. ക്രിമിനല്‍, സിവില്‍ കേസുകള്‍ ഒരു പോലെ കൈകാര്യം ചെയ്യാന്‍ സിസ്റ്ററെ കെ.ടി. തോമസും സഹപ്രവര്‍ത്തകരും സഹായിക്കുന്നുണ്ടെന്നും എടുത്തുപറയേണ്ട കാര്യമാണ്. കെ.ടി. തോമസിനെപ്പോലുള്ള അറിവും കഴിവുമുള്ള അഭിഭാഷകരുടെ പിന്തുണ ഇക്കാര്യത്തില്‍ കിട്ടുന്നതു വലിയ അനുഗ്രഹമാണെന്നു സിസ്റ്റര്‍ പറയുന്നു.
പല കേസുകളിലും അഭിഭാഷക കമ്മീഷനായി കോടതി സിസ്റ്ററെ നിയോഗിക്കാറുണ്ട്. ഇതുവരെ 13 ജപ്തി കേസുകളില്‍ കമ്മീഷനായി നിയമിക്കപ്പെട്ടു. എന്നാല്‍ പാവപ്പെട്ടവന്റെ കണ്ണീരിനു കാരണമാകുമല്ലോ എന്ന വേദന മൂലം കോടതിയില്‍ തന്റെ വിഷമം പങ്കുവെച്ചു. ആ ദൗത്യം തുടരാനായിരിന്നു കോടതി നിർദ്ദേശം.
എന്നാല്‍, ഇതുവരെ ജപ്തിക്കായി പോയിട്ട് ഇന്നേവരെ ഒരു വീട്ടുകാരെയും ഇറക്കിവിടേണ്ടിവന്നിട്ടില്ലെന്നു സിസ്റ്റര്‍ ജോസിയ അഭിമാനത്തോടെ പറയുന്നു. വഴക്കും ബഹളങ്ങളും പ്രതീക്ഷിച്ചുചെന്ന ബാങ്കുകാര്‍ പോലും അദ്ഭുതപ്പെട്ട സംഭവങ്ങളുമുണ്ട്. ഇതെല്ലാം പ്രാര്‍ത്ഥനയുടെ ശക്തിയാണെന്നാണു സിസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നത്.
തൊടുപുഴ വെള്ളിയാമറ്റം പടിഞ്ഞാറിടത്ത് ജോണി മാത്യു അന്നക്കുട്ടി ദമ്പതികളുടെ മകളാണ് സിസ്റ്റര്‍. ഏകസഹോദരന്‍ ജോബി അപകടത്തില്‍ മരിച്ചിരിനു. സഭാവസ്ത്രം സ്വീകരിച്ചിട്ടു 12 വര്‍ഷമായ സിസ്റ്റര്‍ അഭിഭാഷകയായിട്ടു രണ്ടു വര്‍ഷമായി. കോണ്‍ഗ്രിഗേഷനില്‍ പന്ത്രണ്ടു സന്യസ്തര്‍ അഭിഭാഷകരായിട്ടുണ്ടെങ്കിലും കോതമംഗലം പ്രൊവിന്‍സില്‍ സിസ്റ്റര്‍ ജോസിയ മാത്രമേയുള്ളൂ. തിരുവനന്തപുരം ലോ അക്കാദമിയിലായിരുന്നു പഠനം. ആദ്യമായിട്ടാണ് മുട്ടം കോടതിയില്‍ ഒരു കന്യാസ്ത്രീ വക്കീല്‍ സേവനം ചെയ്യുന്നത്. അതും ഫീസില്ലാതെ. സിസ്റ്ററിന്റെ നിസ്തുല സേവനം ഇന്നു അനേകരുടെ കണ്ണീരൊപ്പുകയാണ്.