News - 2025

സ്വാര്‍ഥതയും ആകുലതയും ദൈവവചനത്തോടുള്ള തുറവിക്കു തടസം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

സ്വന്തം ലേഖകന്‍ 23-10-2017 - Monday

ഗ്ലാസ്‌ഗോ: സ്വാര്‍ഥ താത്പര്യങ്ങളും ആകുലതകളും നിറഞ്ഞ മനസ് ദൈവവചനത്തോടുള്ള തുറവിക്കു തടസമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'അഭിഷേകാഗ്‌നി 2017' ഗ്ലാസ്‌ഗോ റീജണിലെ മദര്‍ വെല്‍ സിവിക്ക് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ജീവിതവ്യാപാര വ്യഗ്രതയില്‍ ദൈവസ്വരം കേള്‍ക്കപ്പെടുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.

ദൈവവചനത്തോടു തുറവിയില്ലാത്ത മനസുകളില്‍ സഹോദരങ്ങള്‍ക്കു സ്ഥാനമില്ല. ദരിദ്രര്‍ക്കു പ്രവേശനമില്ല. നമ്മുടെ ജീവിതവ്യാപാര വ്യഗ്രതയില്‍ ദൈവസ്വരം കേള്‍ക്കപ്പെടുന്നില്ല; അവിടത്തെ സ്‌നേഹത്തിന്റെ ആനന്ദം അനുഭവപ്പെടുന്നില്ല; നന്മ ചെയ്യാനുള്ള ആഗ്രഹങ്ങള്‍ ഇല്ലാതായിപ്പോകുന്നു. എന്നാല്‍, പ്രഥമ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈശോമിശിഹായോടും അവിടുത്തെ സുവിശേഷത്തോടുമുള്ള തുറവിയിലേക്കും അതുവഴി അവിടുന്നുമായുള്ള വ്യക്തിപരമായ ബന്ധത്തിലേക്കും വളരാനുമുള്ള അവസരം നമുക്ക് പ്രദാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. സോജി ഓലിക്കല്‍, ഫാ. സാംസണ്‍ മണ്ണൂര്‍, ഫാ. ജോസഫ് വെമ്പാടംതറ വി.സി, ഫാ. സെബാസ്റ്റ്യന്‍ തുരിത്തിപ്പള്ളി, ഫാ. ബിനു കിഴക്കേയിളംത്തോട്ടം സി.എം.എഫ്, ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. തിരുവചനത്തോടുള്ള വിധേയത്വവും സഭയോടുള്ള കൂട്ടായ്മയും ദമ്പതികള്‍ തമ്മിലുള്ള പരസ്പരവിശ്വസ്തയും ദൈവാനുഗ്രഹത്തിന്റെ സ്രോതസുകളാണെന്ന് വചനശ്രൂഷ നടത്തവേ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു.

ഗ്ലാസ്‌ഗോ റീജണിലെ മദര്‍ വെല്‍ സിവിക്ക് സെന്റര്‍ ഇന്നലെ വിശ്വാസികളെകൊണ്ടു നിറഞ്ഞുകവിഞ്ഞു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിരുന്നു. ഇന്നു പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ കണ്‍വെന്‍ഷന്‍ നടക്കും. നാളെ മാഞ്ചസ്റ്റര്‍ ഷെറീഡാന്‍ സ്യൂട്ട്, 25നു നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍, 26നു ബര്‍മിംഹാം ന്യു ബിന്‍ഗ്ലി ഹോള്‍, 27നു ബോണ്മൗ ത്ത് ലൈഫ് സെന്റര്‍, 28നു കാര്‍ഡിഫ് കോര്‍പസ് ക്രിസ്റ്റി ആര്‍.സി. ഹൈസ്‌കൂള്‍, 29നു ലണ്ടണിലെ ഹെന്‍ഡന്‍ അലൈന്‍സ് പാര്‍ക്ക് എന്നിവടങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്തും. മാർ ജോസഫ് സ്രാമ്പിക്കൽ എല്ലാ റീജിയണല്‍ കൺവെൻഷനിലും വിശുദ്ധ കുർബാന അർപ്പിച്ച് സുവിശേഷ സന്ദേശം നൽകും.


Related Articles »