News - 2025
മോശം വേഷത്തില്‍ അഭിനയിച്ചതിന് ദൈവത്തോട് മാപ്പപേക്ഷിച്ചിട്ടുണ്ടെന്നു ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ്
സ്വന്തം ലേഖകന്‍ 24-10-2017 - Tuesday
ഷിക്കാഗോ: 1997-ല്‍ ഓസ്കാര്‍ അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ‘ബൂഗി നൈറ്റ്സ്’ എന്ന സിനിമയില്‍ അശ്ലീല സിനിമാ താരത്തിന്റെ വേഷം ചെയ്തതിനു ദൈവത്തോട് മാപ്പപേക്ഷിച്ചു എന്ന വെളിപ്പെടുത്തലുമായി ലോകപ്രശസ്ത ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ്. തന്റെ ജീവിതത്തില്‍ ചില തെറ്റായ തീരുമാനങ്ങളില്‍ ഒന്നായിരിന്നു അതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വാരാന്ത്യത്തില്‍ കത്തോലിക്കാ യുവജനങ്ങള്‍ക്കായുള്ള ഒരു പരിപാടിയുടെ പ്രചാരണാര്‍ത്ഥം ഷിക്കാഗോയില്‍ വെച്ച് കര്‍ദ്ദിനാള്‍ ബ്ലേസ് കൂപ്പിച്ച് നടത്തിയ അഭിമുഖത്തിനിടയിലാണ് കത്തോലിക്കാ വിശ്വാസിയായ വാല്‍ബെര്‍ഗ് തന്റെ മാനസാന്തരത്തിന്റെ കഥ വെളിപ്പെടുത്തിയത്.
വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും വാല്‍ബെര്‍ഗ് തുറന്നു സമ്മതിച്ചു. മുന്‍പഭിനയിച്ച വേഷങ്ങളുടെ പേരില്‍ എപ്പോഴെങ്കിലും ദൈവത്തോട് ക്ഷമ യാചിച്ചിട്ടുണ്ടോ? എന്ന കര്‍ദ്ദിനാളിന്റെ ചോദ്യത്തിന്, അത്തരം സിനിമകളുടെ പട്ടികയില്‍ ‘ബൂഗി നൈറ്റ്സ്’ ഏറ്റവും മുന്നിലാണെന്നായിരുന്നു വാല്‍ബെര്‍ഗിന്റെ മറുപടി. ഒരു അഭിനേതാവെന്ന നിലയില്‍ വാല്‍ബെര്‍ഗിന് ഒരുപാട് ഗുണം ചെയ്തിട്ടുള്ള വേഷമായിരുന്നു ബൂഗി നൈറ്റ്സിലേത്. സാമ്പത്തികമായി വിജയം കൊയ്ത ‘ത്രീ കിംഗ്’സിലെ വേഷം പിന്നീടാണ് ലഭിച്ചത്. എന്നാല്‍ ഈ തീരുമാനം തെറ്റായിരിന്നുവെന്ന് വാല്‍ബെര്‍ഗ് പറയുന്നു.
കഴിഞ്ഞ കാല ജീവിതത്തെ കുറിച്ച് തുറന്ന്‍ പറയുന്നതില്‍ തനിക്ക് യാതൊരു മടിയുമില്ലന്ന്‍ പറഞ്ഞുകൊണ്ട്, ഗുണ്ടാ സംഘത്തില്‍ അംഗമായതും, വിയറ്റ്‌നാമീസ് അഭയാര്‍ത്ഥിയെ ആക്രമിച്ചതിനു തടവിലായതും ഉള്‍പ്പെടെയുള്ള തന്റെ ഇരുണ്ടകാലഘട്ടത്തെയും അദ്ദേഹം വിവരിക്കുകയുണ്ടായി. എന്നാല്‍ ഇന്ന് താന്‍ കത്തോലിക്കാ യുവജനങ്ങളെ വിശ്വാസജീവിതത്തില്‍ മുന്നേറുന്നതിന് തന്നേക്കൊണ്ടാവുംവിധം സഹായിച്ചുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
2016-ലെ ഒരു ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെയായിരുന്നു വാല്‍ബെര്‍ഗ് തന്റെ ആഴമായ കത്തോലിക്കാ വിശ്വാസം വെളിപ്പെടുത്തിയത്. പൗരോഹിത്യമെന്ന ദൈവവിളിക്കായി കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്നു അദ്ദേഹം ആ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തിരുന്നു. പ്രശസ്തിക്കു നടുവിലും തന്റെ കൗദാശികപരമായ ജീവിതം സാക്ഷ്യപ്പെടുത്തി കൊണ്ട് കഴിഞ്ഞ വര്‍ഷത്തെ വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം പൂശി മാര്‍ക്ക് പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലായിരിന്നു.