News - 2024
മാർ തെയോഫിലോസ് ഇനി ഓര്‍മ്മ
സ്വന്തം ലേഖകന്‍ 27-10-2017 - Friday
കോയമ്പത്തൂർ: മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിന്റെ ഭൗതികശരീരം കബറടക്കി. കോയമ്പത്തൂർ തടാകം ക്രിസ്തുശിഷ്യാശ്രമത്തിൽ നടന്ന ശുശ്രൂഷകൾക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിച്ചു. മാർ തെയോഫിലോസിന്റെ ജന്മനാടായ തിരുവല്ലയ്ക്കു സമീപത്തെ ചെങ്ങരൂരിൽ നിന്നുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനു വിശ്വാസികൾ അന്തിമോപചാരം അർപ്പിക്കാനായി കോയമ്പത്തൂരിൽ എത്തിയിരുന്നു.
കോഴിക്കോട്ടു നിന്നു വിലാപയാത്രയായി ഇന്നലെ പുലർച്ചെയാണു മാർ തെയോഫിലോസിന്റെ ഭൗതിക ശരീരം കോയമ്പത്തൂർ ക്രിസ്തുശിഷ്യാശ്രമത്തിലെത്തിച്ചത്. രാവിലെ കുർബാനയ്ക്ക് ശേഷം രണ്ടു മണിക്കൂർ ദൈർഘ്യമുള്ള കബറടക്ക ശുശ്രൂഷകൾ തുടങ്ങി. സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളും പ്രാർത്ഥനാപൂർവം ചടങ്ങുകൾക്കു സാക്ഷിയായി. ‘ദൈവത്തിന്റെ വിശുദ്ധ പുരോഹിതാ, സമാധാനത്തോടെ പോവുക’ എന്ന പ്രാർത്ഥനയോടെയായിരുന്നു കബറടക്ക ശുശൂഷകളുടെ സമാപനം. ആശ്രമത്തിലെ ചാപ്പലിന്റെ മദ്ബഹയോടു ചേർന്നു വടക്കു വശത്താണു മാർ തെയോഫിലോസിന് കബറിടം ഒരുക്കിയത്.
യൂഹാനോൻ മാർ ദിയസ്കോറസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഗീവർഗീസ് മാർ കൂറിലോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ജോസഫ് മാർ ദിവന്നാസിയോസ്, യാക്കോബ് മാർ ഏലിയാസ്, ഏബ്രഹാം മാർ സെറാഫിം, ഗീവർഗീസ് മാർ യൂലിയോസ്, ജോഷ്വ മാർ നിക്കോദീമോസ് എന്നിവർ കബറടക്ക ശുശ്രൂഷയിൽ സഹ കാർമികരായിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.കെ. രാഘവൻ എം.പി, വീണാ ജോർജ് എംഎൽഎ, ജസ്റ്റിസ് ജെ.ബി. കോശി, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോൺ, മുൻ അൽമായ ട്രസ്റ്റി എം.ജി. ജോർജ് മുത്തൂറ്റ്, മലബാർ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കുര്യൻ താഴയിൽ, വൈദിക സംഘം സെക്രട്ടറി ഫാ. മാത്യൂസ് വട്ടിയാനിക്കൽ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. മലങ്കരസഭയുടെ ചരിത്രത്തിൽ കേരളത്തിനു പുറത്തു കബറടക്കപ്പെടുന്ന മൂന്നാമത്തെ മെത്രാപ്പൊലീത്തയും രണ്ടാമത്തെ കേരളീയനുമാണ് ഡോ. സഖറിയ മാർ തെയോഫിലോസ്.