News - 2024

മാനസാന്തരം മാന്ത്രികമല്ല, അത് ദൈവാത്മാവിന്റെ പ്രവര്‍ത്തനമാണ്: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 27-10-2017 - Friday

വത്തിക്കാന്‍ സിറ്റി: മാനസാന്തരത്തിന്‍റെ മാറ്റം മാന്ത്രികമല്ലായെന്നും അത് ദൈവാത്മാവിന്റെ പ്രവര്‍ത്തനമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ വ്യാഴാഴ്ച പാപ്പയുടെ വസതിയായ സാന്താ മാര്‍ത്തയില്‍ വിശുദ്ധ കുര്‍ബാന മധ്യേയുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. നമ്മുടെ ഹൃദയത്തിലെ തിന്മകള്‍ക്ക് എതിരായ യുദ്ധമാണ് മാനസാന്തരമെന്നും ക്രിസ്തു ആഗ്രഹിക്കുന്ന വിധത്തില്‍ ജീവിതങ്ങളെ രൂപാന്തരപ്പെടുത്താന്‍ മാനസാന്തരം ആവശ്യമാണെന്നും പാപ്പ പറഞ്ഞു.

ഭൂമിയില്‍ വീഴുന്ന മാനസാന്തരത്തിന്‍റെ അഗ്നി സ്വര്‍ഗ്ഗത്തില്‍നിന്നും ക്രിസ്തു വര്‍ഷിക്കുന്നതാണ്. മാറ്റത്തിന് വഴിതെളിക്കുന്നത് ഈ ദിവ്യാഗ്നിയാണ്. നമ്മുടെ ചിന്താരീതികളെയും വികാരവിചാരങ്ങളെയും മാറ്റിമറിക്കുന്ന സ്വര്‍ഗ്ഗീയ അഗ്നിയാണത്. അതുവഴി, തിന്മയാല്‍ അന്യമായ നമ്മുടെ ജീവിതങ്ങളെ ക്രിസ്തു മാറ്റിമറിക്കുന്നു. അങ്ങനെ ക്രിസ്തുവിന്‍റെ ദിവ്യശക്തി നമ്മുടെ ജീവിതങ്ങളെ മാനസാന്തരപ്പെടുത്തുന്നു. മാനസാന്തരം നമ്മുടെ ജീവിതശൈലിയേയും നമ്മുടെ ആത്മാവിനെയും ശരീരത്തെയും രൂപാന്തരപ്പെടുത്തുന്നു. അതിനാല്‍ ഈ മാറ്റത്തില്‍ ഒരാന്തരിക സംഘര്‍ഷവും പോരാട്ടവും ഉറപ്പാണ്.

ഓരോ വ്യക്തിയും തന്‍റെ ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥമായി നിര്‍വ്വഹിക്കുമ്പോള്‍ ദൈവാരൂപി അവിടെ പ്രവര്‍ത്തിക്കുകയും, നമ്മില്‍ മാറ്റങ്ങള്‍ വന്നു ഭവിക്കുകയും ചെയ്യും. ക്രൈസ്തവജീവിതത്തിന്‍റെ ഭാഗമാണ് മാനസാന്തരത്തിന്‍റെ ആത്മീയ സംഘര്‍ഷവും പോരാട്ടവും. മറിച്ച് മന്ദതയില്‍ കഴിയുന്ന ക്രൈസ്തവര്‍ക്ക് മാനസാന്തരത്തിന്‍റെ ആന്തരിക സംഘട്ടനം ഉണ്ടാകണമെന്നില്ല. ഉറങ്ങാനുള്ള ഉത്തേജനം ചെറിയ ഉറക്കഗുളികയില്‍നിന്നു ലഭിക്കും. എന്നാല്‍ യഥാര്‍ത്ഥമായ സമാധാനത്തിന് മെത്തയോ ഉത്തേജകമോ ആവശ്യമില്ല! ദൈവാരൂപി തരുന്ന സമാധാനമാണ് ക്രൈസ്തവന്‍റെ രക്ഷാകവചം.

ആത്മശോധനയിലൂടെ അനുദിനം നവീകരിക്കപ്പെടുന്ന വ്യക്തിയുടെ ഹൃദയത്തിലേയ്ക്ക് ദൈവാത്മാവ് ഇറങ്ങിവന്ന് മാറ്റത്തിന്‍റെ തരംഗങ്ങള്‍ സൃഷ്ടിക്കും. ‌അവിടുത്തേയ്ക്കു പ്രവര്‍ത്തിക്കാനുള്ള ഇടം നാം നല്കണമെന്നു മാത്രം! ദൈവാരൂപിക്കെതിരായ തിന്മകളെ ദുരീകരിക്കാന്‍ ആത്മശോധനയ്ക്കു സാധിക്കും. അങ്ങനെ നമ്മുടെ ആത്മീയ രോഗങ്ങളെന്നപോലെതന്നെ ശാരീരിക രോഗങ്ങളും ഇല്ലായ്മചെയ്യാന്‍ ദൈവാത്മാവിനു കരുത്തുണ്ട്. പ്രലോഭനത്തില്‍ വീഴ്ത്തരുതേയെന്ന് നാം അനുദിനം പ്രാര്‍ത്ഥിക്കണമെന്നും ഇതിനായി ദൈവകൃപ നേടാന്‍ പരിശുദ്ധാത്മാവിനോട് യാചിക്കാം എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


Related Articles »