Sunday Mirror

ആദ്യം മെത്തഡിസ്റ്റ് സഭാംഗം, പിന്നെ നിരീശ്വരവാദി, ഒടുവില്‍ കത്തോലിക്ക വിശ്വാസി: എല്ലിയട്ട് സട്ടിലിന്റെ പരിവര്‍ത്തന അനുഭവം

സ്വന്തം ലേഖകന്‍ 29-10-2017 - Sunday

“നമ്മുടെ ജീവിതത്തില്‍ നമുക്കായി ദൈവം ഒരുക്കിയിരിക്കുന്ന വഴികളെക്കുറിച്ച് നമുക്ക് ചിന്തിക്കുവാന്‍ പോലും കഴിയുകയില്ല. എന്റെ ഈ ജീവിത യാത്രയില്‍ എന്നിലൂടെ ദൈവേഷ്ടം നിറവേറ്റപ്പെട്ടതിനെക്കുറിച്ച് ഇവിടെ കുറിക്കുന്നത് ഒരുപക്ഷേ നിങ്ങള്‍ക്കും ഉപകാരപ്രദമായേക്കാമെന്ന പ്രതീക്ഷയിലാണ് ഞാനിതിവിടെ പങ്കുവെക്കുന്നത്”. മെത്തഡിസ്റ്റ് സഭയില്‍ ജനിച്ചു വളരുകയും പിന്നീട് നിരീശ്വരവാദിയാകുകയും ഒടുവില്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്ത എല്ലിയട്ട് സട്ടിലിന്റെ വാക്കുകളാണ് ഇത്.

നോര്‍ത്ത് കരോളിനായിലെ ഒരു ചെറിയ പട്ടണത്തിലാണ് എല്ലിയട്ട് സട്ടില്‍ ജനിച്ചുവളര്‍ന്നത്. എല്ലാ വാരാന്ത്യത്തിലും പള്ളിയിലെ ശുശ്രൂഷകളില്‍ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നവരായിരുന്നു അവന്‍റെ മാതാപിതാക്കള്‍. എന്നാല്‍ വ്യത്യസ്ഥ പ്രൊട്ടസ്റ്റന്‍റ് സഭകളിലെ അംഗങ്ങളായിരുന്നു അവര്‍.

മാതാവ് പ്രിസ്ബൈറ്റേറിയനും, പിതാവ് ബാപ്റ്റിസ്റ്റുമായിരുന്നു. അതിനാല്‍ വിവാഹശേഷം മെത്തഡിസ്റ്റ് ദേവാലയത്തില്‍ പോകുവാന്‍ ഇരുവരും ഒരുമിച്ചു തീരുമാനിച്ചു. ഇതായിരുന്നു എലിയട്ടിന്റെ ബാല്യകാല വിശ്വാസം. കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് അക്കാലത്ത് താന്‍ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ലായെന്ന് എലിയട്ട് പറയുന്നു. മിഡില്‍ സ്കൂള്‍ കാലഘട്ടം അവനേ സംബന്ധിച്ചിടത്തോളം അത്ര നല്ല കാലഘട്ടമല്ലായിരുന്നു. അക്കാലത്താണ് വ്യത്യസ്ഥ കാരണങ്ങളാല്‍ അവന്‍റെ മുഴുവന്‍ കൂട്ടുകാരും അകലുന്നത്. ഈ സാഹചര്യത്തിൽ അവനിൽ ദേഷ്യസ്വഭാവവും, അസ്വസ്ഥതയും കൂടിക്കൂടി വന്നു.

അക്കാലത്താണ് വിശ്വാസസ്ഥിരീകരണം അടുത്തത്. വിശ്വാസസ്ഥിരീകരണ ക്ലാസ്സില്‍ പോകുന്നത് അവനു ഇഷ്ടമുള്ള കാര്യമല്ലായിരുന്നു. എന്നാല്‍ പ്രൊട്ടസ്റ്റന്റ് നവോത്ഥാനത്തിന്റെ കാലത്ത് കത്തോലിക്കാ സഭയില്‍ നിന്നും വിഭജിച്ചു മാറിയതാണ് മെത്തേഡിസ്റ്റ് സഭ എന്ന കാര്യം അക്കാലത്താണ് എലിയട്ട് പഠിച്ചത്. ഒരു സഭയെ ഈ രീതിയില്‍ വിഭജിക്കുന്നത് ശരിയായ കാര്യമല്ലായെന്ന് അവനു അന്നേ തോന്നിയിരുന്നു. പക്ഷേ അന്നത്തെ സാഹചര്യത്തില്‍ അതിനെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ എലിയട്ട് ശ്രമിച്ചില്ല.

പിന്നീട് പിതാവിന്റെ ജോലി നിമിത്തം ഹൈസ്കൂള്‍ കാലഘട്ടത്തില്‍ കരോലിനായില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് എലിയട്ടിനും കുടുംബത്തിനും താമസം മാറേണ്ടതായി വന്നു. അവിടെയുള്ള മെത്തഡിസ്റ്റ് ദേവാലയത്തില്‍ ഒരു നല്ല യുവജന സംഘമുണ്ടായിരുന്നത് അവനു വലിയ ആശ്വാസമായിരിന്നു. എല്ലാമാസവും യൂത്ത് ഗ്രൂപ്പ് കോണ്‍ഫറന്‍സുകളും കുട്ടികള്‍ക്കുള്ള സമ്മര്‍ ക്യാമ്പും അവര്‍ സംഘടിപ്പിച്ചു. പിന്നീട് കോളേജില്‍ പോയതുമുതലാണ് അവന്റെ ജീവിതം ആകെ മാറി മറിഞ്ഞത്. ദൈവത്തില്‍ വിശ്വസിച്ചിരുന്നുവെങ്കിലും ആത്മീയ കാര്യങ്ങളില്‍ മടി അവനെ പിടികൂടി. പതിയെ പതിയെ ദേവാലയത്തില്‍ പോകാതെയായി. ദൈവവുമായുള്ള ബന്ധത്തിന് ദേവാലയത്തില്‍ പോകേണ്ട ആവശ്യമില്ലെന്ന ചിന്തയായിരുന്നു അതിന്റെ കാരണം.

പതുക്കെ പതുക്കെ മെത്തഡിസ്റ്റ് സഭയുമായുള്ള അവന്റെ അടുപ്പം കുറഞ്ഞു വന്നു. കൂടുതല്‍ പഠിക്കും തോറും ദേവാലയാന്തരീക്ഷത്തിനും പുറത്തും ഒരാള്‍ക്ക് ധാര്‍മ്മിക ജീവിതം നയിക്കുവാന്‍ സാധിക്കും എന്ന നിഗമനത്തില്‍ അവന്‍ എത്തിച്ചേര്‍ന്നു. അതിന്റെ ഫലമായി ക്രമേണ മതത്തെ വെറുക്കുവാന്‍ അവള്‍ തുടങ്ങി. ദൈവത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും സംസാരിക്കുന്നത് തന്നെ എലിയട്ടിന് അരോചകമായി തോന്നി. പിന്നീടാണ് അവന്‍ ആ സത്യം തിരിച്ചറിഞ്ഞത്. താന്‍ ഒരു നിരീശ്വരവാദിയായി മാറിയിരിക്കുന്നു.

അക്കാലത്തെ പ്രസിദ്ധ ടെലിവിഷന്‍ പരിപാടിയായിരുന്ന സീന്‍ ഹാന്നിറ്റി ഷോയുടെ ഒരു പതിവ് കാഴ്ചക്കാരനായിരുന്നു എല്ലിയട്ട് സട്ടില്‍. ടെറി ഷിയാവോ എന്ന സ്ത്രീയെ പറ്റി ഇതില്‍ ഒരു പരിപാടി വന്നു. അവള്‍ ‘കോമാ’ യിലായിരുന്നു. ഭക്ഷണവും മറ്റും ടൂബ് വഴിയാണ് അവള്‍ക്ക് നല്‍കിയിരുന്നത്. അവളുടെ ഭര്‍ത്താവാകട്ടെ ട്യൂബ് വഴിയുള്ള ഭക്ഷണം നിര്‍ത്തി അവളെ മരണത്തിന് കൊടുക്കുവാനാണ് ആഗ്രഹിച്ചത്. എന്നാല്‍ അവളുടെ കുടുംബാംഗങ്ങള്‍ അവള്‍ ജീവിച്ചിരിക്കണമെന്ന ആഗ്രഹക്കാരും.

ഇത് സീന്‍ ഹാന്നിറ്റി ഷോയില്‍ ചര്‍ച്ചാവിഷയമായി. തികഞ്ഞ കത്തോലിക്ക വിശ്വാസിയായ അവതാരിക ദയാവധം, അബോര്‍ഷന്‍ എന്നീ വിഷയങ്ങളില്‍ കത്തോലിക്കാ സഭയുടെ നിലപാട് തുറന്ന്‍ പ്രഖ്യാപിച്ചു. ഇത് എലിയട്ടിനെ ഏറെ ആകര്‍ഷിച്ചു. എന്നാല്‍ നിയമയുദ്ധത്തില്‍ ടെറി ഷിയാവോയുടെ ഭര്‍ത്താവ് ജയിക്കുകയും, അവള്‍ പട്ടിണിമൂലം മരണപ്പെടുകയും ചെയ്തു.

ഒരാളെ പട്ടിണിക്കിട്ട് കൊല്ലുന്നതിനെക്കുറിച്ച് തനിക്കാലോചിക്കുവാന്‍ പോലും സാദ്ധ്യമല്ലായിരുന്നുവെന്ന്‍ എലിയട്ട് പറയുന്നു. ഈ സമയത്ത് തന്നെയായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അസുഖബാധിതനായത്. അധികം താമസിയാതെ അദ്ദേഹം മരിക്കുകയും ചെയ്തു. സഭയെ സംബന്ധിച്ചിടത്തോളം അത് വളരെ പ്രധാനപ്പെട്ട ഒരു സമയമായിരുന്നു. കര്‍ദ്ദിനാള്‍മാര്‍ കൂടി റാറ്റ്സിംഗറിനെ അടുത്ത പാപ്പായായി തിരഞ്ഞെടുത്തത് എലിയട്ടിനെ ആകര്‍ഷിച്ചു.

ഈ സംഭവങ്ങളില്‍ ഓരോന്നും ഒന്നെങ്കില്‍ മറ്റൊരു വിധത്തില്‍ ദൈവത്തിലേക്ക് അവനെ അടുപ്പിച്ചു. ഒരു ശനിയാഴ്ച ദിവസം അതായത് ഈസ്റ്ററിന്റെ തലേദിവസം, അന്നാണ് എലിയട്ടിന്റെ ജീവിതം ആകെ മാറിമറിഞ്ഞത്. കമ്പ്യൂട്ടറില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന എലിയട്ടിന് ഒരു ഉള്‍വിളി. നാളെ പള്ളിയില്‍ പോകണം. ആ വിളിക്ക് പിന്നിലെ ആള്‍ പരിശുദ്ധാത്മാവാണെന്ന് ഇന്ന് എലിയട്ട് സാക്ഷ്യപ്പെടുത്തുന്നു. പള്ളിയില്‍ പോകുന്ന കാര്യത്തില്‍ അവനു താല്‍പ്പര്യമില്ലായിരുന്നുവെങ്കിലും ആ ഉള്‍വിളി അവഗണിക്കുവാന്‍ എലിയട്ടിന് കഴിഞ്ഞില്ല. അവന്‍ ഫോണ്‍ ബുക്ക്‌ എടുത്ത്‌ പരിശോധിച്ചപ്പോള്‍ അടുത്തുള്ള കത്തോലിക്കാ ദേവാലയം കണ്ടെത്തി.

11.00 മണിയുടെ കുര്‍ബാനക്ക് പോകുവാന്‍ അവന്‍ തീരുമാനിച്ചു. പിറ്റേന്ന് നേരത്തെ തന്നെ പള്ളിയിലെത്തിയ എലിയട്ട് ഏറ്റവും പുറകിലെ സീറ്റില്‍ തന്നെ ഇരിപ്പടമുറപ്പിച്ചു. വിശുദ്ധ കുര്‍ബാന തുടങ്ങുന്നതിനായി കാത്തിരിക്കുമ്പോള്‍ അദൃശനായ ആരോ തന്റെ അരികില്‍ ഉണ്ടെന്ന ഒരു തോന്നല്‍ ഉണ്ടായെന്ന് എലിയട്ട് പറയുന്നു. അത് ദൈവത്തിന്റെ സാന്നിധ്യമാണെന്ന് അവനു മനസ്സിലായി. ഒരു പ്രൊട്ടസ്റ്റന്റ് പശ്ചാത്തലത്തില്‍ നിന്നും വന്നതിലാകണം ദിവ്യകാരുണ്യ സ്വീകരണം അവനു വലിയ കാര്യമേ അല്ലായിരുന്നു. മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ തന്നെ ഒരു കത്തോലിക്ക വിശ്വാസിയെ പോലെ അവനും പെരുമാറി.

ദിവ്യകാരുണ്യസ്വീകരണത്തിനും അവനും നീങ്ങി. ഒരു നിരീശ്വരവാദിയുടെ ദിവ്യകാരുണ്യസ്വീകരണം. പക്ഷേ, ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ മിന്നലേറ്റതുപോലെയാണ് അവന് അനുഭവപ്പെട്ടത്. ശരിക്കും കറണ്ടടിച്ചതുപോലെയുള്ള അനുഭവമായിരിന്നു അതെന്ന്‍ എലിയട്ട് അനുസ്മരിക്കുന്നു. കുര്‍ബാനക്ക് ശേഷം ഡീക്കന്റെ തിരക്കൊഴിയുന്നത് വരെ അവന്‍ കാത്തുനിന്നു. എലിയട്ട് എല്ലാം അദ്ദേഹത്തോട് തുറന്നു പറഞ്ഞു. മുന്‍കാല ജീവിതവും തലേന്ന് രാത്രിയില്‍ ഉണ്ടായ തോന്നലുമുള്‍പ്പെടെ എല്ലാം അവന്‍ പങ്കുവെച്ചു.

‘ഇന്ന് രാവിലെ നീ ഇവിടെ വരണമെന്നത് ദൈവത്തിന്റെ ആഗ്രഹമായിരുന്നു’ എന്നാണ് ഡീക്കണായ ഫ്രാന്‍ പറഞ്ഞത്‌. കൂടാതെ ‘റൈറ്റ്‌ ഓഫ് ക്രിസ്റ്റ്യന്‍ ഇനീഷ്യേഷന്റെ (RCIA) ചുമതലയുള്ള ഒരാളുടെ പേരും അവനു പറഞ്ഞുകൊടുത്തു. കത്തോലിക്കാ സഭയില്‍ ചേരുവാന്‍ താല്‍പ്പര്യമുള്ളവര്‍ തീര്‍ച്ചയായും പങ്കെടുക്കേണ്ട ക്ലാസ്സായിരിന്നു അത്.

പിന്നീട് കത്തോലിക്ക വിശ്വാസിയാകാനുള്ള തയ്യാറെടുപ്പ് അവന്‍ ആരംഭിക്കുകയായിരിന്നു. RCIA ക്ലാസ്സ്‌ അടുത്തകാലത്തൊന്നുമില്ലാത്തതിനാല്‍ അതിന്റെ ചുമതല വഹിക്കുന്ന ആള്‍ ഒരു പുസ്തകവും നല്‍കി എലിയട്ടിനെ പറഞ്ഞയച്ചു. ഒരാഴ്ചക്കുള്ളില്‍ തന്നെ അവന്‍ ആ പുസ്തകം വായിച്ചു തീര്‍ത്തു. രണ്ടാഴ്ചകള്‍ക്ക് ശേഷം ക്ലാസ്സ്‌ ആരംഭിച്ചു. ക്ലാസ്സിന്റെ ഭാഗമായി നിത്യവും പള്ളിയില്‍ പോകേണ്ടി വരുമെന്ന് അവനു മനസ്സിലായി. എന്നാല്‍ മെത്തഡിസ്റ്റ് സഭ ഉപേക്ഷിക്കണമെന്ന കാര്യവും തന്റെ തീരുമാനത്തെ മാതാപിതാക്കള്‍ എങ്ങിനെ സ്വീകരിക്കുമേന്നോര്‍ത്തും അവന്‍ ആകുലപ്പെട്ടു. ഒരു ദിവസം അമ്മ അവനെ വിളിച്ചപ്പോള്‍ എല്ലാകാര്യങ്ങളും അവന്‍ തുറന്നു പറഞ്ഞു. കത്തോലിക്കാ വിശ്വാസത്തിലേക്ക്‌ മാറുവാന്‍ തീരുമാനിച്ച സാഹചര്യങ്ങളും അവന്‍ വിശദീകരിച്ചു. എന്നാല്‍ അമ്മ തന്റെ മകന്‍ പള്ളിയില്‍ പോകാന്‍ തുടങ്ങിയതില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് ചെയ്തത്. ഇത് അവനു കൂടുതല്‍ ഉത്തേജനം പകരുകയാണ് ചെയ്തത്.

RCIA ക്ലാസ്സുകള്‍ വേനല്‍ക്കാലം മുഴുവന്‍ നീണ്ടു നിന്നു. അതിനാല്‍ സഭമാറണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാനും പ്രാര്‍ത്ഥിക്കുവാനും എലിയട്ടിന് ധാരാളം സമയം ലഭിച്ചു. ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി അവന്‍ ദിവസവും പ്രാര്‍ത്ഥിച്ചു. ദേവാലയത്തില്‍ വെച്ച് അവന്‍ കണ്ടുമുട്ടിയവരെല്ലാവരും തന്നെ തീക്ഷ്ണതയുള്ളവരും നല്ല സഹകരണമനോഭാവമുള്ളവരുമായിരുന്നു. പ്രാര്‍ത്ഥനകളിലൂടെയും പുസ്തകങ്ങളിലൂടെയും അവന്‍ ഒരുകാര്യം ഉറപ്പിച്ചു. കത്തോലിക്ക സഭയാണ് ക്രിസ്തു സ്ഥാപിച്ച ഏകസഭ. അങ്ങനെ അവന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു.

നമ്മള്‍ കേട്ടിരിക്കുന്ന ഭൂരിഭാഗം പരിവര്‍ത്തന കഥകളും ഇവിടെ അവസാനിക്കുകയാണ് പതിവ്‌. എന്നാല്‍ എല്ലിയട്ട് സട്ടിലിന്റെ കഥ ഇവിടെ തുടങ്ങുകയാണ് ചെയ്തത്. 2005 ഒക്ടോബര്‍ 9ന് അലബാമയിലെ ടുസ്കാലൂസായിലെ ഹോളി സ്പിരിറ്റ്‌ കത്തോലിക്കാ ഇടവകാംഗമായി. 2006 ഏപ്രിലില്‍ കത്തോലിക്ക സംഘടനയായ നൈറ്റ്‌ ഓഫ് കൊളംബസ്സില്‍ അവന്‍ അംഗത്വം എടുത്തു.ദൈവത്തെ കൂടുതല്‍ അറിയുവാനായി അവന്‍ EWTN-ന്റെ പരിപാടികള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി. ക്രമേണ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും നിലപാടുകളും അവനു ആഴത്തില്‍ ബോധ്യപ്പെട്ടു. എലിയട്ട് കത്തോലിക്ക വിശ്വാസത്തിന്റെ തീജ്ജ്വാലയായി മാറി.

കുറച്ചുകാലങ്ങള്‍ക്ക്‌ ശേഷം കൃത്യമായി പറഞ്ഞാല്‍ ഒരുവര്‍ഷത്തിനു ശേഷം ‘വിശ്വസിക്കുന്ന സത്യത്തെ എന്തുകണ്ട് പ്രഘോഷിച്ചു കൂടാ?' എന്ന ചിന്ത അവനില്‍ ഉദിക്കുകയായിരിന്നു. അധികം വൈകാതെ അദ്ദേഹം ജപ്പാനിലേക്ക് കുടിയേറി. ഒരു കത്തോലിക്കനായി ജപ്പാനില്‍ ജീവിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നു അദ്ദേഹത്തിന് അറിയാമായിരുന്നു. 0.4 ശതമാനം മാത്രമാണ് ജപ്പാനിലെ കത്തോലിക്കര്‍. എന്നാല്‍ ഇന്ന് തന്റെ കത്തോലിക്ക വിശ്വാസം പ്രഘോഷിച്ചുകൊണ്ട് ജപ്പാന്‍ ജനതയെ വിശ്വാസത്തിലേക്ക് ആനയിക്കുവാന്‍ പരിശ്രമം നടത്തുകയാണ് എലിയട്ട്.


Related Articles »