News - 2025
തീര്‍ത്ഥാടകര്‍ക്ക് ദൃശ്യവിസ്മയം പകരാന്‍ വത്തിക്കാനില്‍ പുല്‍ക്കൂട് ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍ 30-10-2017 - Monday
വത്തിക്കാന്‍ സിറ്റി: ക്രിസ്തുമസിനോടനുബന്ധിച്ച് വത്തിക്കാനിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദൃശ്യവിസ്മയം പകരാന്‍ പുല്‍ക്കൂട് ഒരുങ്ങുന്നു. വത്തിക്കാന്‍ ഗവര്‍ണറേറ്റിലെ ജീവനക്കാരാണ് പുല്‍ക്കൂട് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. പോളണ്ടിലെ ഏല്‍ക്ക് മലയില്‍ നിന്നുമാണ് വത്തിക്കാനിലേക്ക് ക്രിസ്മസ് ട്രീ എത്തിക്കുക. പതിനെട്ടാം നൂറ്റാണ്ടിന്‍റെ നെപ്പോളിത്തന്‍ വാസ്തുഭംഗിക്കൊപ്പം 6 അടി പൊക്കത്തിലുള്ള കളിമണ്‍ കൊണ്ട് നിര്‍മ്മിച്ച ബഹുവര്‍ണ്ണ രൂപങ്ങള്‍ പുല്‍ക്കൂട്ടില്‍ എളിമയുടെ സന്ദേശം എടുത്തുകാണിക്കും. തുണിയില്‍ തുന്നിയ പരമ്പരാഗത വസ്ത്രങ്ങള്‍ രൂപങ്ങള്‍ക്ക് ഭംഗി പകരും.
തെക്കെ ഇറ്റലിയിലെ മോന്തേ വിര്‍ജീനിയയിലെ സമൂഹത്തിന്റെ രൂപരേഖയില്‍ സ്ഥാപിക്കുന്ന പുല്‍ക്കൂട് ഡിസംബര്‍ 7-ന് ആണ് തുറന്നു കൊടുക്കുക. 80 അടിയില്‍ അധികം ഉയരമുള്ള പോളണ്ടില്‍നിന്നും എത്തിക്കുന്ന പൈന്‍വൃക്ഷം പുല്‍ക്കൂടിന്‍റെ വലതുവശത്ത് സ്ഥാപിക്കും. വടക്കു-കിഴക്കന്‍ പോളണ്ടിലെ ഏല്‍ക്ക് മലമ്പ്രദേശത്തുനിന്നും 2000 കി മി. ദൂരം റോഡുമാര്‍ഗ്ഗമാണ് ക്രിസ്മസ് ട്രീ വത്തിക്കാനില്‍ എത്തിക്കുന്നത്.
ഇറ്റലിയിലെ ഭൂകമ്പബാധിത പ്രദേശത്തെ കുട്ടികളും, വിവിധ ആശുപത്രികളില്‍ ക്യാന്‍സര്‍ രോഗവുമായി കഴിയുന്ന കുട്ടികളും ഒരുക്കുന്ന അലങ്കാരവും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയില്‍ സ്ഥാനംപിടിക്കും. 2018 ജനുവരി ഏഴുവരെ തീര്‍ത്ഥാടകര്‍ക്ക് ദൃശ്യവിസ്മയം ഒരുക്കികൊണ്ട് പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഉണ്ടാകുമെന്ന് വത്തിക്കാനില്‍ ഉണ്ടാകുമെന്ന് പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബര്‍ക്ക് പറഞ്ഞു.