India - 2025

ഉദയ്‌നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളി വാഴ്ത്തപ്പെട്ട റാണി മരിയ ചര്‍ച്ച് എന്നു പുനര്‍നാമകരണം ചെയ്യുന്നു

സ്വന്തം ലേഖകന്‍ 07-11-2017 - Tuesday

ഇന്‍ഡോര്‍: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്ന ഇന്‍ഡോര്‍ രൂപതയിലെ ഉദയ്‌നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളി, വാഴ്ത്തപ്പെട്ട റാണി മരിയ ചര്‍ച്ച് എന്നു പുനര്‍നാമകരണം ചെയ്യും. പള്ളിയുടെ പുനര്‍നാമകരണം സംബന്ധിച്ച വിവരങ്ങള്‍ രൂപതയുടെ വിവിധ കൗണ്‍സിലുകളില്‍ അവതരിപ്പിക്കും. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം നടത്തുകയെന്നു ഇന്‍ഡോര്‍ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കല്‍ പറഞ്ഞു. റാണി മരിയയുടെ ആദ്യ തിരുനാളാഘോഷത്തിനു മുന്നോടിയായി ദേവാലയത്തിന്റെ പുനര്‍നാമകരണം ഔദ്യോഗികമായി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 25നാണു വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാള്‍ദിനമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുള്ളത്. 2018ല്‍ ആ ദിവസം ഞായറായതിനാല്‍ 24നാകും ആഘോഷിക്കുക. വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ മാധ്യസ്ഥം യാചിക്കുന്ന നൊവേനയും തയാറാക്കുന്നുണ്ട്. അള്‍ത്താരയുടെ വശത്തു റാണി മരിയയുടെ പൂര്‍ണകായ ശില്പം സ്ഥാപിക്കും. ഉദയ്‌നഗര്‍ പള്ളിക്കു മുന്‍പിലെ ചാപ്പലിലായിരുന്ന റാണി മരിയയുടെ കബറിടം ഇപ്പോള്‍ പള്ളിയുടെ അകത്താണ്.

2016ലാണു നാമകരണ നടപടികളുടെ ഭാഗമായി ഭൗതികാവശിഷ്ടങ്ങള്‍ പള്ളിയിലേക്കു മാറ്റിസ്ഥാപിച്ചത്. പള്ളിയോടു ചേര്‍ന്നു റാണി മരിയ ഫോട്ടോ ഗാലറിയും നിര്‍മിച്ചിട്ടുണ്ട്. മ്യൂസിയം ഉള്‍പ്പെടുന്ന റാണി മരിയ ആശ്രമം, റാണി മരിയ താമസിച്ചിരുന്ന സ്‌നേഹസദന്‍ മഠം എന്നിവയും പള്ളിയുടെ സമീപത്താണ്. ശാന്തിസദന്‍ എന്നും അറിയപ്പെടുന്ന ഈ പള്ളി ഇതിനകം ഇന്‍ഡോര്‍ രൂപതയിലെ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.


Related Articles »