Meditation. - January 2025

ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ആവശ്യകത

സ്വന്തം ലേഖകന്‍ 22-01-2024 - Monday

“മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റേയും അടിസ്ഥാനം.” (റോമാ 9:16)

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 22

ക്രിസ്തീയ ഐക്യത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് പ്രാര്‍ത്ഥന. മനുഷ്യനായി അവതരിച്ച യേശുവിന് പിതാവിനോടുള്ള പ്രാര്‍ത്ഥനയായിരിന്നു “അവര്‍ എല്ലാവരും ഒന്നായിരിക്കുമാറാകട്ടെ” എന്നത്. നമ്മുടെ ഐക്യം യേശുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരിന്നുവെന്ന് ഈ വാക്യം സൂചിപ്പിക്കുന്നു.

ആത്മാവ് ശരീരത്തിലായിരിക്കുന്നത് പോലെ, പ്രാര്‍ത്ഥന ക്രിസ്തീയ ഐക്യ ശ്രമങ്ങള്‍ക്ക്‌ ജീവനും, സ്ഥിരതയും, പൂര്‍ണ്ണതയും നല്‍കുന്നു. ഏറ്റവും പ്രധാനമായി പ്രാര്‍ത്ഥന, നമ്മെ ദൈവതിരുമുന്‍പില്‍ എത്തിക്കുകയും, ഹൃദയ വികാരവിചാരങ്ങളെ ശുദ്ധീകരിക്കുക വഴി ഒരു ആന്തരിക പരിവര്‍ത്തനം ഉളവാക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥന കൂടാതെ ക്രിസ്തീയ ഐക്യം സാദ്ധ്യമല്ല.

ക്രിസ്തുവില്‍ ഒന്നായി കഴിയുകയെന്നത് അവിടുത്തെ സമ്മാനമാണെന്ന കാര്യം ഈ വാക്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു, മറ്റേത് സമ്മാനങ്ങളെയുക്കാള്‍ വിലയേറിയ ഒരു സമ്മാനമാണ് ക്രിസ്തീയ ഐക്യം. സകല ക്രിസ്ത്യാനികളുടേയും അനുരജ്ഞനം മാനുഷിക ശക്തികള്‍ക്കും പൈശാചിക ബന്ധനങ്ങള്‍ക്കും അതീതമായിരിക്കും.

വിശുദ്ധ പൌലൊസ് ശ്ലീഹാ പറയുന്നു, "മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം" (റോമാ 9:16). നിരന്തരവും ഭക്തിപൂര്‍വ്വവുമായുള്ള നമ്മുടെ പ്രാര്‍ത്ഥന നമ്മില്‍ പ്രത്യാശ ഉളവാക്കുന്നു, സകലതും പുതുക്കുന്ന ദൈവത്തിലുള്ള നമ്മുടെ പ്രത്യാശ നമ്മെ നിരാശരാക്കുകയില്ല (റോമാ 5:5). അവിടുത്തെ കരുണയാല്‍ ക്രിസ്തീയ ഐക്യം കൈവരുന്നതിനായി നമ്മുക്ക് ദൈവ സന്നിധിയില്‍ പ്രാര്‍ത്ഥിക്കാം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 17.01.1979)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »