News - 2025
ചത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കുനേരെ ഹിന്ദു വര്‍ഗ്ഗീയവാദികളുടെ ആക്രമണം
സ്വന്തം ലേഖകന്‍ 08-12-2017 - Friday
ന്യൂഡല്‍ഹി: ചത്തീസ്ഗഡില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലുമേര്‍പ്പെട്ടിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ഹിന്ദു ദേശീയവാദികളുടെ ആക്രമണം. സ്ത്രീകള്‍ അപമാനിക്കപ്പെട്ടു; കുട്ടികളും പുരുഷന്‍മാരും ക്രൂരമായ മര്‍ദ്ദനത്തിനിരയായി. ആക്രമണത്തിനിടെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പരിഭ്രാന്തരായി പരക്കം പായുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഡിസംബര്‍ 6 ബുധനാഴ്ച ചത്തീസ്ഗഡിലെ ഗരിയാബാന്‍ഡ് ജില്ലയിലെ രന്‍ജിമിന് സമീപമുള്ള ടാര ഗ്രാമത്തില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലുമേര്‍പ്പെട്ടിരുന്ന അറുന്നൂറോളം വരുന്ന ക്രിസ്ത്യന്‍ കൂട്ടായ്മക്കു നേരെയായിരുന്നു ആക്രമണം. നിരവധി കാറുകളും, ബൈക്കുകളും അക്രമത്തില്‍ നശിപ്പിക്കപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. RSS, ബജ്രംഗ്ദള്‍ എന്നീ ഹിന്ദുത്വവാദ സംഘടനകളുടെ പ്രവര്‍ത്തകരാണ് ഇതിന്റെ പിന്നിലെന്നു കരുതപ്പെടുന്നു.
ബുധനാഴ്ച ഉച്ചയോടടുത്ത് മതമൗലീകവാദികള്‍ പ്രാര്‍ത്ഥനാവേദിയിലേക്കിരച്ചു കയറുകയും യാതൊരു പ്രകോപനവും കൂടാതെ അക്രമം അഴിച്ചുവിടുകയും സ്ത്രീകളെ അപമാനിക്കുകയും, കുട്ടികളെയും പുരുഷന്‍മാരെയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് പെഴ്സെക്യൂഷന്‍ റിലീഫിനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഇന്ത്യയിലെ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന മതപീഡന പരമ്പരയിലെ അവസാനത്തെ സംഭവമാണിത്. ഇതിനുമുന്‍പും ഇന്ത്യയില്‍, പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ഇതിനു സമാനമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അവ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തത്. ഇത്തരം ആക്രമണങ്ങളെ തടയുന്നതിനുള്ള യാതൊരു നടപടികളും ഇതുവരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈകൊണ്ടിട്ടില്ലെന്നത് ഖേദകരമായ വസ്തുതയാണ്.