News - 2025
മൊബൈൽ ഫോണില്‍ കളിച്ചു സമയം പാഴാക്കരുത്, ദൈവീകപദ്ധതികള്‍ വിവേചിച്ചറിയുന്ന സോഫ്റ്റ്‌വേര്‍ നിരന്തരം അപ്ഡേറ്റ് ചെയ്യുക: യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 03-12-2017 - Sunday
ദൈവീകപദ്ധതികള്‍ വിവേചിച്ചറിയുന്ന ഒരു സോഫ്റ്റ്‌വേര്‍ ഓരോ മനുഷ്യന്റെയും ഉള്ളില്‍ത്തന്നെയുണ്ട്. മറ്റേതൊരു സോഫ്റ്റ്‌വേറിനെപ്പോലെ ഇതും നിരന്തരം പുതുക്കികൊണ്ടിരിക്കണമെന്ന് യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിക്ക് പുറത്തുള്ള തന്റെ 21-മത്തെ അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കവേ ഇന്നലെ ബംഗ്ലാദേശിലെ ചരിത്രമുറങ്ങുന്ന നോത്രഡാം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കവേയാണ് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറഞ്ഞത്.
തങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യത്തെയും ഭാവിയെയും കുറിച്ചു അനേഷിക്കുമ്പോൾ ഈ ലോകത്തിന്റെ ബുദ്ധിയെയല്ല, വിശ്വാസത്തിന്റെ ബുദ്ധിയേയാണ് യുവാക്കൾ ആശ്രയിക്കേണ്ടതെന്ന് ഏറ്റവും വലിയ ആത്മീയ സാമ്രാജ്യത്തിന്റെ തലവനായ ഫ്രാന്‍സിസ് പാപ്പാ യുവാക്കളെ ഉദ്‌ബോധിപ്പിച്ചു.
നോത്രേഡാം യൂനിവേഴ്സിറ്റിയിലെ വിവിധ മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ വന്‍ കരഘോഷത്തോടെയാണ് ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ സ്വീകരിച്ചത്. നിങ്ങള്‍ സദാസമയവും ഊര്‍ജ്ജസ്വലത നിറഞ്ഞവരാണ്, നിങ്ങളുടെ ഒപ്പം നില്‍ക്കുമ്പോള്‍ നിങ്ങളില്‍ നിന്ന് എന്നിലേക്കും ഊര്‍ജ്ജം പ്രവഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പാപ്പാ യുവജനതയെ പ്രോത്സാഹിപ്പിച്ചു.
ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുന്നതിനു പകരം ജീവിതത്തില്‍ ലക്ഷ്യബോധമുള്ളവരായിരിക്കുവാനും, തങ്ങളുടെ ചെറിയ ലോകത്ത് മാത്രം ഒതുങ്ങികൂടാതെ, മറ്റു മതസ്ഥരായ ആളുകളോടും തുറന്നമനസ്സുള്ളവരായിരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ യുവാക്കളെ ഉപദേശിച്ചു. മൊബൈൽ ഫോണില്‍ കളിച്ചു വെറുതെ സമയം പാഴാക്കരുതെന്നും അദ്ദേഹം യുവാക്കളെ ഉപദേശിച്ചു.
യുവാക്കളെ അഭിസംബോധനചെയ്‌തുകൊണ്ട് അപ്പസ്തോലിക പര്യടനം പൂര്‍ത്തിയാക്കുന്നതാണ് ഫ്രാന്‍സിസ് പാപ്പായുടെ പതിവ്. മ്യാന്‍മര്‍ പര്യടനവും യുവാക്കളെ അഭിസംബോധന ചെയ്ത്കൊണ്ടാണ് മാർപാപ്പാ പൂര്‍ത്തിയാക്കിയത്.