News - 2025

മെഡ്ജുഗോറിയിലേക്കുള്ള തീര്‍ത്ഥാടനത്തിന് വത്തിക്കാന്റെ അംഗീകാരം

സ്വന്തം ലേഖകന്‍ 09-12-2017 - Saturday

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് പ്രസിദ്ധമായ ബോസ്നിയായിലെ മെഡ്ജുഗോറിയിലേക്കുള്ള തീര്‍ത്ഥാടനത്തിന് ഔദ്യോഗിക അനുവാദം ലഭിച്ചിട്ടുണ്ടെന്ന് പോളണ്ടിലെ വാര്‍സ്വോ-പ്രാഗ രൂപതയുടെ അധ്യക്ഷനായ ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസര്‍. മെഡ്ജുഗോറിയില്‍ ഓരോ വര്‍ഷവും സന്ദര്‍ശിക്കുന്ന ദശലക്ഷകണക്കിന് വരുന്ന വിശ്വാസികളായ തീര്‍ത്ഥാടകരുടെ അജപാലകപരമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പാ കത്തെഴുതിയിട്ടുണ്ടെന്നും മെത്രാപ്പോലീത്ത വെളിപ്പെടുത്തി.

1981-ല്‍ ബോസ്നിയയിലെ മെഡ്ജുഗോറിയില്‍ ആറു കുട്ടികള്‍ക്കാണ് പരിശുദ്ധ കന്യകാമാതാവ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് പലപ്പോഴും മാതാവ് പ്രത്യക്ഷപ്പെട്ടതായും സന്ദേശങ്ങള്‍ നല്‍കിയതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ഓരോ വര്‍ഷം 10 ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരാണ് മെഡ്ജുഗോറി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്. ഇതിനുമുന്‍പ് സഭാതലത്തില്‍ ഔദ്യോഗിക തീര്‍ത്ഥാടനങ്ങളൊന്നും മെഡ്ജുഗോറിയിലേക്ക് സംഘടിപ്പിച്ചിരുന്നില്ലെങ്കിലും ഇനിമുതല്‍ രൂപതകള്‍ക്കും, സഭാ സംഘടനകള്‍ക്കും മെഡ്ജുഗോറിയിലേക്ക് ഔദ്യോഗിക തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കുവാന്‍ കഴിയുമെന്ന് ഹെന്‍റിക്ക് മെത്രാപ്പോലീത്ത പറഞ്ഞു.

മെഡ്ജുഗോറിയില്‍ വരുന്ന വിശ്വാസികള്‍ക്ക് വേണ്ട ആശീര്‍വാദങ്ങള്‍ നല്‍കണമെന്ന് അല്‍ബേനിയന്‍ കര്‍ദ്ദിനാളിനോട് ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ട കാര്യവും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. മെഡ്ജുഗോറിയിലെ മാതാവിന്റെ പ്രത്യക്ഷീകരണങ്ങളെ കുറിച്ച് അന്വേഷിക്കുവാന്‍ ബെനഡിക്ട് പതിനാറാമന്‍ ചുമതലപ്പെടുത്തിയ കര്‍ദ്ദിനാള്‍ കാമില്ലോ റൂയിനിയുടെ റിപ്പോര്‍ട്ടും ഫ്രാന്‍സിസ് പാപ്പ നിയമിച്ച ആര്‍ച്ച് ബിഷപ്പ് ഹെന്‍റ്റിക് ഹോസറുടെ റിപ്പോര്‍ട്ടും അനുകൂലമാണെങ്കിലും ഇക്കാര്യത്തില്‍ അന്തിമതീരുമാനം പാപ്പായില്‍ നിക്ഷിപ്തമാണ്.

More Archives >>

Page 1 of 258