News
നമ്മുടെ കൂടെ നടക്കുന്ന ദൈവത്തെ മറക്കരുത്: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 09-12-2017 - Saturday
വത്തിക്കാന്‍ സിറ്റി: വ്യത്യസ്തമായ വഴികളിലൂടെയാണ് ദൈവം നമ്മേ നയിക്കുന്നതെന്നും കൂടെ നടക്കുന്ന ദൈവത്തെ മറക്കരുതെന്നും ഫ്രാന്‍സിസ് പാപ്പ. കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ സൊഡോനോയുടെ നവതിയോട് അനുബന്ധിച്ചാണ് മാര്‍പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. നാം ബലഹീനരായിരിക്കെ നമ്മുടെ സേവനത്തിന്‍റെ മഹത്വമെല്ലാം ദൈവത്തിനുള്ളതാണെന്നും പാപ്പ പറഞ്ഞു. ഡിസംബര്‍ 7 വ്യാഴാഴ്ച രാവിലെ അപ്പസ്തോലിക വസതിയിലെ പൗളയിന്‍ കപ്പേളയില്‍ കര്‍ദ്ദിനാള്‍ സൊഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയ്ക്ക് ശേഷമാണ് പാപ്പ സന്ദേശം നല്‍കിയത്.
സുവര്‍ണ്ണ ജൂബിലിയോ രജത ജൂബിലിയോ ആകട്ടെ, നാം അനുദിനം ദൈവത്തോട് നന്ദിയുള്ളവരായി ജീവിക്കണം. കാരണം ബലഹീനരായിരിക്കെ ദൈവകൃപയാല്‍ മാത്രമാണ് നമുക്ക് ദൈവജനത്തെ സേവിക്കുവാന്‍ സാധിക്കുന്നത്. അതിനാല്‍ ദൈവിക നന്മകളുടെ നന്ദിയുള്ള ഓര്‍മ്മകളാണ് അനുദിനം നമ്മെ നയിക്കേണ്ടത്. നന്ദിപൂര്‍വ്വകമായ ഓര്‍മ്മകള്‍ ജീവിതത്തില്‍ മുന്നോട്ടു പോകാനുള്ള കരുത്തു നല്കും.
ദൈവികനന്മകളുടെ ഓര്‍മ്മ ഓരോ പ്രാവശ്യവും നമ്മെ കൃപയുടെ നവമായ തീരങ്ങളിലേയ്ക്ക് അടുപ്പിക്കും. നമ്മുടെ കുറവുകളുടെയും തെറ്റുകളുടെയും കുറ്റങ്ങളുടെയും ഓര്‍മ്മകള്‍പോലും നമ്മെ എളിമയോടെ കൃപയിലേയ്ക്ക് അടുപ്പിക്കും. നാം ബലഹീനരായിരിക്കെ മഹത്വമെല്ലാം ദൈവത്തിന്‍റേതാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ തന്‍റെ ബലഹീനതകള്‍ തുറവിയോടെ ഏറ്റുപറഞ്ഞത്. ഇങ്ങനെയുള്ളൊരു ധ്യാനവും ഓര്‍മ്മയും നമുക്ക് മുന്നോട്ടു പോകാനുള്ള കരുത്തു നല്കും.
ഓരോ ജീവിതങ്ങളും വ്യത്യസ്തങ്ങളാണ്. നമ്മെ ദൈവം വ്യത്യസ്തമായ വഴികളിലൂടെയാണ് നയിക്കുന്നതും. എന്നാല്‍ നമ്മുടെ കൂടെ നടക്കുന്ന ദൈവത്തെ മറക്കരുത്! ആ ദൈവത്തിന് സാക്ഷ്യംവഹിക്കാനും, അവിടുത്തെ നന്മകളും ദാനങ്ങളും പ്രഘോഷിക്കാനും പങ്കുവയ്ക്കാനും നാം കടപ്പെട്ടിരിക്കുന്നു. അതാണ് ജീവിതസാക്ഷ്യമെന്നു പറയുന്നത്. കര്‍ദ്ദിനാള്‍ സൊഡാനോ ലോകത്തിനു നല്കുന്നത് പക്വമാര്‍ന്ന സഭാജീവിതത്തിന്‍റെ സാക്ഷ്യമാണെന്നും പാപ്പ അനുസ്മരിച്ചു.