News - 2025
ഓഖി ഇരകളോട് പ്രാര്‍ത്ഥന അറിയിച്ച് മാർപാപ്പ
സ്വന്തം ലേഖകന്‍ 11-12-2017 - Monday
വത്തിക്കാന്‍ സിറ്റി: ഓഖി ദുരന്തത്തില്‍ കഷ്ടപ്പെടുന്നവരോട് സഹാനുഭൂതിയും പ്രാര്‍ത്ഥന അറിയിച്ച് ഫ്രാന്‍സിസ് പാപ്പാ. ഇന്നലെ ഡിസംബര്‍ പത്താം തീയതി ഞായറാഴ്ച വത്തിക്കാനില്‍ നടന്ന ത്രികാല പ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് 'ഓഖി' പ്രകൃതിക്ഷോഭത്തെ തുടര്‍ന്നു വേദനയനുഭവിക്കുന്ന ഭാരതത്തിലെ സമൂഹത്തെ ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചത്. ദുരന്തത്തില്‍പ്പെട്ട ഇന്ത്യയിലെ എല്ലാവരെയും തന്‍റെ ആത്മീയസാമീപ്യം അറിയിക്കുന്നുവെന്നും ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്നും മാര്‍പാപ്പ പറഞ്ഞു.
തിരുവനന്തപുരം ലത്തീന്‍ അതിരൂപതാദ്ധ്യക്ഷനും കെസിബിസി തലവനുമായ ആര്‍ച്ചുബിഷപ്പ് സൂസപാക്യം ശനിയാഴ്ച രാവിലെ മാധ്യമകാര്യാലയം വഴിയാണ് ഭാരതത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഉണ്ടായ ദുരന്തത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് വത്തിക്കാനെ അറിയിച്ചത്. ദൈവത്തിൽ നിന്നുള്ള സമാശ്വാസം വേദനിക്കുന്നവരുടെ മുറിവുണക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യട്ടെയെന്നും പാപ്പാ ആശംസിച്ചു.