News - 2025

വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പ വിശുദ്ധ പദവിയിലേക്ക്

സ്വന്തം ലേഖകന്‍ 22-12-2017 - Friday

വത്തിക്കാന്‍ സിറ്റി: സാമൂഹികവും, രാഷ്ട്രീയവുമായ മാറ്റങ്ങള്‍ കൊണ്ട് പ്രക്ഷുബ്ദമായ കാലഘട്ടത്തില്‍ ക്രിയാത്മക നവീകരണ നടപടികളുമായി തിരുസഭയെ നയിച്ച വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ വിശുദ്ധ പദവിയിലേക്ക്. ഡിസംബര്‍ 13-ന് നാമകരണ നടപടികള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘം പാപ്പായുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതം അംഗീകരിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇറ്റലിയിലെ ബ്രെസ്സിയാ രൂപതയുടെ വാര്‍ത്താപത്രമാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 ഒക്ടോബറില്‍ പോള്‍ ആറാമന്‍ പാപ്പായെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

2014-ല്‍ വെറോണയിലെ അമാന്‍ഡ എന്ന പെണ്‍കുട്ടിയുടെ ജനനത്തിന് കാരണമായ അത്ഭുതമാണ് വത്തിക്കാന്‍ തിരുസംഘം അംഗീകരിച്ചിരിക്കുന്നത്. ഗര്‍ഭസ്ഥാവസ്ഥയില്‍ ഓക്സിജനും, പോഷകങ്ങളും നല്‍കുന്ന പ്ലാസന്‍റ തകര്‍ന്നതിനെ തുടര്‍ന്നു കുട്ടി മരിക്കുമെന്നായിരന്നു ഡോക്ടര്‍മാരുടെ നിഗമനം. ഈ സാഹചര്യത്തിലാണ് ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരം അമാന്‍ഡയുടെ മാതാവ് ബ്രെസ്സിക്കായിലെ ‘ഡെല്ലെ ഗ്രാസ്സി’ ചാപ്പലില്‍ പോയി വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായുടെ മാധ്യസ്ഥം അപേക്ഷിച്ചത്. തുടര്‍ന്നു അത്ഭുതകരമായി കുഞ്ഞ് യാതൊരു പ്രശ്നങ്ങളോ കൂടാതെ ജനിക്കുകയായിരിന്നു.

വൈദ്യശാസ്ത്രത്തിന് പോലും വിശദീകരിക്കുവാന്‍ കഴിയാത്തതെന്ന് മെഡിക്കല്‍ സംഘം പോലും സാക്ഷ്യപ്പെടുത്തിയതാണ് ഈ ജനനം. സമാനമായ മറ്റൊരു അത്ഭുതം തന്നെയാണ് പോള്‍ ആറാമനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനും നേരത്തെ പരിഗണിച്ചത്. 1963-ലാണ് ജിയോവന്നി ബാറ്റിസ്റ്റാ മൊണ്ടീനി എന്ന പോള്‍ ആറാമന്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനാകുന്നത്. വളരെയേറെ ദീര്‍ഘവീക്ഷണമുണ്ടായിരുന്ന അദ്ദേഹം നിരവധി നവീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജീവന്റെ മഹത്വത്തിനായി സ്വരം ഉയര്‍ത്തിയ പോള്‍ ആറാമന്‍ പാപ്പയുടെ 1968-ല്‍ പ്രസിദ്ധീകരിച്ച ‘ഹുമാനെ വിറ്റെ’ എന്ന ചാക്രികലേഖനം ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരിന്നു. 1978 ഓഗസ്റ്റ് ആറിനാണു പോള്‍ ആറാമന്‍ കാലംചെയ്തത്. 2012 ഡിസംബര്‍ 20നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ, അദ്ദേഹത്തിന്റെ വീരോചിത പുണ്യം അംഗീകരിച്ചു. 2014 ഒക്ടോബര്‍ 19-ന് ഫ്രാന്‍സിസ് പാപ്പയാണ് പോള്‍ ആറാമന്‍ പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 1964 ല്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസിനോടനുബന്ധിച്ച് അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു.


Related Articles »