Thursday Mirror
ലോകത്തിലെ ആദ്യത്തെ പുല്‍ക്കൂടിന് പിന്നിലുള്ള ചരിത്രം
സ്വന്തം ലേഖകന്‍ 17-12-2022 - Saturday
ലോകരക്ഷകന്റെ ജനനത്തിന്റെ സ്മരണയില്‍ ക്രിസ്തുമസിനായി ആഗോള ക്രൈസ്തവ സമൂഹം ഒരുങ്ങുകയാണ്. തിരുപ്പിറവി ദൃശ്യങ്ങളും പുല്‍ക്കൂടുകളും ഇല്ലാത്ത ഒരു ക്രിസ്തുമസിനെ കുറിച്ച് നമ്മുക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. എന്നാല്‍ തിരുപ്പിറവി ദൃശ്യത്തിന്റെ പിന്നിലുള്ള ചരിത്രം നമ്മളില്‍ അധികമാര്‍ക്കും അറിയില്ലായെന്നതാണ് സത്യം. ക്രിസ്തുമസിനായി ഒരുങ്ങികൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പുല്‍ക്കൂടിന്റെ പിന്നിലുള്ള ചരിത്രത്തെക്കുറിച്ച് ചിന്തിക്കുന്നത് ഏറെ ഉചിതമാണ്. ഉണ്ണീശോയോട് അപാരഭക്തിയുണ്ടായിരുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ മനോഹരമായ ആശയത്തില്‍ നിന്നുമാണ് ലോകത്തെ ആദ്യത്തെ പുല്‍ക്കൂട് പിറക്കുന്നത്.
വിശുദ്ധ നാടായ ബെത്ലഹേമില്‍ യേശു ജനിച്ച സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം യഥാര്‍ത്ഥ തിരുപ്പിറവിയുടെ അനുഭവം പുനര്‍നിര്‍മ്മിക്കണമെന്ന ശക്തമായ ആഗ്രഹം വിശുദ്ധനില്‍ ഉണ്ടായി. 1221-ലാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ മനസ്സില്‍ ഈ ആശയം ഉദിക്കുന്നത്. ദേവാലയത്തിനകത്ത് വെറും രൂപങ്ങള്‍ കൊണ്ട് മാത്രം പുല്‍ക്കൂട് ഒരുക്കുവാനല്ല അദ്ദേഹം ആഗ്രഹിച്ചത്. മറിച്ച് കുന്നിന്‍ചെരുവിലെ ചെറിയ തോട്ടത്തില്‍ മൃഗങ്ങള്‍ അടക്കം ഉള്ളവയെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള തിരുപ്പിറവി ദൃശ്യമായിരുന്നു അദ്ദേഹം പദ്ധതിയിട്ടത്.
വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ആദ്യമായി തിരുപ്പിറവി ദൃശ്യമുണ്ടാക്കിയതിനെക്കുറിച്ച് ഫ്രാന്‍സിസ്‌കന്‍ ഫ്രിയാറായിരിന്ന സെലാനോയിലെ തോമസും, വിശുദ്ധ ബൊനവന്തൂരായും വിവരിച്ചിട്ടുണ്ട്. സെലാനോയിലെ തോമസിന്റെ വിവരണം ഇപ്രകാരമാണ്, "ബെത്ലഹേമില്‍ ജനിച്ച ഉണ്ണിയേയും, ആ കാലിത്തൊഴുത്തില്‍ അവന്‍ കിടക്കുന്നതും, കാളകളും കഴുതകളും അടുത്തുനില്‍ക്കുന്നതിന്റേയും ഓര്‍മ്മയുണര്‍ത്തുന്ന ഒരു ദൃശ്യം നിര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുന്നതായി കര്‍ത്താവിന്റെ തിരുപ്പിറവിയാഘോഷത്തിന് 15 ദിവസം മുന്‍പ് വിശുദ്ധ ഫ്രാന്‍സിസ് ഗ്രേസ്സിയോവിലെ തന്റെ ഒരു സുഹൃത്തിനോട് പറഞ്ഞു".
"അപ്രകാരം ഗ്രേസിയോവില്‍ ഒരു പുതിയ ബെത്ലഹേം പുനര്‍സൃഷ്ടിക്കപ്പെട്ടു. ആ പുല്‍ക്കൂടിന് ശേഷം പകലിനെപ്പോലെ രാത്രിയും അവിടെ തിളക്കമുള്ളതായി അവിടുത്തെ ആളുകള്‍ ദര്‍ശിച്ചു. അത്ഭുതപരതന്ത്രനായി സന്തോഷത്താല്‍ നെടുവീര്‍പ്പിട്ടുകൊണ്ട് ഫ്രാന്‍സിസ് ആ കാലിത്തൊഴുത്തിന്റെ മുന്നില്‍ നിന്നു. ഈ കാലിത്തൊഴുത്തിനു മുന്നില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു". വിശുദ്ധ ബൊനവന്തൂരായുടെ വിവരണമനുസരിച്ച് ആ രാത്രിയില്‍ ഒരത്ഭുതം കൂടി സംഭവിക്കുകയുണ്ടായി. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ഉണ്ണീശോയേ വഹിച്ചുകൊണ്ട് നില്‍ക്കുന്നതായി അവിടെയുണ്ടായിരുന്ന ഒരാള്‍ക്ക് ദര്‍ശനമുണ്ടായതായി വിശുദ്ധ ബൊനവന്തൂര പറയുന്നു.
കാലിത്തൊഴുത്തില്‍ ഉറങ്ങുന്ന ഉണ്ണീശോയെ, അവന്‍ ഉറക്കത്തില്‍ നിന്നും ഉണരും എന്ന് തോന്നുവിധം ഫ്രാന്‍സിസ് തന്റെ രണ്ടുകരങ്ങളും കൊണ്ട് എടുക്കുന്നത് താന്‍ കണ്ടതായി ഒരു പട്ടാളക്കാരന്‍ ഉറപ്പിച്ചു പറഞ്ഞുവെന്നാണ് ഇതിനെക്കുറിച്ച് വിശുദ്ധ ബൊനവന്തൂര പറഞ്ഞിരിക്കുന്നത്. യേശു ജനിച്ചുവീണ ദാരിദ്ര്യത്തെ വിളിച്ചോതുന്ന ശക്തമായ ഒരു ദൃശ്യാവിഷ്ക്കാരമായിരുന്നു ആ പുല്‍ക്കൂട്. ഓരോ അംശത്തിലും ലാളിത്യത്തിന്റെയും കരുതലിന്റെയും ഫ്രാന്‍സിസ്കന്‍ സ്പര്‍ശമുള്ള ഒരു പുല്‍ക്കൂട്.
വിശുദ്ധന്റെ ഈ ആശയം പ്രചരിക്കുവാന്‍ അധികം സമയം വേണ്ടിയിരിന്നില്ല. ക്രിസ്തുവിന്റെ രക്ഷാകര ജനനത്തിന്റെ പുനരാവിഷ്ക്കാരം അതിവേഗം പ്രചാരത്തിലായി. റോമിലെ സെന്റ് മേരി മേജര്‍ ബസലിക്കയില്‍ സ്ഥിരമായി പുല്‍ക്കൂട് നിര്‍മ്മിക്കുവാനുള്ള രൂപങ്ങള്‍ ഉണ്ടാക്കുവാന്‍ ആദ്യത്തെ ഫ്രാന്‍സിസ്കന്‍ മാര്‍പാപ്പയായ നിക്കോളാസ് നാലാമന്‍ 1291-ല്‍ ഉത്തരവിട്ടു. പിന്നെ ലോകം ഇത് ഏറ്റെടുക്കുകയായിരിന്നു. പുല്‍ക്കൂടു നിര്‍മ്മാണം ക്രൈസ്തവ സംസ്ക്കാരത്തിന്റെ തന്നെ ഭാഗമായി മാറി. അന്നുമുതല്‍ ലോകമാകമാനമായി പലരീതിയിലും വലുപ്പത്തിലുമുള്ള പുല്‍ക്കൂടുകള്‍ നിര്‍മ്മിക്കുവാന്‍ ആരംഭിക്കുകയായിരിന്നു.
ലോകത്തിന്റെ രക്ഷയ്ക്കായി തന്നെ തന്നെ താഴ്ത്തികൊണ്ട് ദാസന്റെ രൂപം ധരിച്ചു കാലിത്തൊഴുത്തില്‍ പിറന്ന ദിവ്യസുതനെ സ്വീകരിക്കുവാന്‍ നമ്മുടെ ഹൃദയങ്ങളാകുന്ന പുല്‍ക്കൂടിനെ ലാളിത്യം കൊണ്ടും എളിമ കൊണ്ടും നമ്മുക്കും ഒരുക്കാം.
#repost