India - 2025
ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ മൃതസംസ്ക്കാരം ഇന്ന്
സ്വന്തം ലേഖകന്‍ 23-12-2017 - Saturday
കോട്ടയം: ഫാ. ജോര്‍ജ് കുറ്റിക്കല്‍ എംസിബിഎസിന്റെ മൃതദേഹം ഇന്ന് രാവിലെ കോട്ടയം കൊല്ലാട് കടുവാക്കുളത്തുള്ള എംസിബിഎസ് പ്രൊവിന്‍ഷ്യല്‍ ഹൗസിനോടു ചേര്‍ന്നുള്ള ചെറുപുഷ്പ ദേവാലയത്തില്‍ സംസ്‌കരിക്കും. രാവിലെ 9.30ന് മൃതസംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കും. ശുശ്രൂഷകളുടെ ആദ്യഭാഗത്ത് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ബിഷപ്പ് മാര്‍ തോമസ് ഇലവനാലിന്റെ കാര്‍മികത്വത്തില്‍ സമൂഹബലി നടക്കും. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം വായിക്കും.
മലയാറ്റൂര്‍ മാര്‍ വാലാഹ് ആശ്രമത്തില്‍ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം ഇന്നലെ രാത്രി എട്ടിന് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ കടുവാക്കുളം എംസിബിഎസ് ആശ്രമത്തിലെത്തിച്ചു. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, എംസിബിഎസ് എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഫാ. ഡൊമിനിക് മുണ്ടാട്ട്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.