India - 2025
ഫാ. ജോര്‍ജ്ജ് കുറ്റിക്കല്‍ ഇനി ഓര്‍മ്മ
സ്വന്തം ലേഖകന്‍ 24-12-2017 - Sunday
കോട്ടയം: ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ആകാശപ്പറവകളുടെ പ്രിയ കൂട്ടുകാരന്‍ ഫാ. ജോര്‍ജ്ജ് കുറ്റിക്കലിന്റെ മൃതദേഹം സംസ്ക്കരിച്ചു. എംസിബിഎസ് എമ്മാവൂസ് പ്രോവിന്‍സിന്റെ കടുവാക്കുളത്തെ സെമിത്തേരിയില്‍ ആണ് മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കാര ശുശ്രൂഷകളുടെ ആദ്യഭാഗത്തിന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികനായിരുന്നു. ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ നന്മജീവിതത്തെ വര്‍ണിക്കാന്‍ വാക്കുകളില്ലെന്ന് മാര്‍ പെരുന്തോട്ടം അനുസ്മരിച്ചു.
ബിഷപ്പ് മാര്‍ തോമസ് ഇലവനാലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹബലിയില്‍ എംസിബിഎസ് സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസഫ് മലേപ്പറന്പില്‍, പ്രൊവിന്‍ഷ്യല്‍മാരായ ഫാ. ഡൊമിനിക് മുണ്ടാട്ട്, ഫാ. ജോസഫ് തോട്ടാങ്കര, കുറ്റിക്കലച്ചനൊപ്പം ആകാശപ്പറവകളുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തിയ ഫാ. ഫ്രാന്‍സിസ് കൊടിയന്‍, ഫാ. ഗ്രിഗറി കൂട്ടുമ്മേല്‍, ഫാ. സഖറിയാസ് ഇലവനാല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ശുശ്രൂഷകള്‍ക്കിടെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുശോചനസന്ദേശം വായിച്ചു.
കുറ്റിക്കലച്ചനുമായി ദീര്‍ഘകാല സഹവര്‍ത്തിത്വമുണ്ടായിരുന്ന ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ അനുസ്മരണപ്രസംഗം നടത്തി. മനസിന്റെ താളം തെറ്റിയവരെയും വഴിയോരത്ത് അലഞ്ഞവരെയും സ്വന്തമാക്കി അവരെ ഒപ്പം പാര്‍പ്പിക്കുക എന്നത് അസാധാരണമായ ദൈവാനുഭവമുള്ളവര്‍ക്കു മാത്രം ചെയ്യാന്‍ പറ്റുന്ന ശുശ്രൂഷയായാണെന്ന്‍ അദ്ദേഹം പറഞ്ഞു. ആയിരങ്ങളാണ് കടുവാക്കുളത്തെ മൃതസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ ഇന്നലെ എത്തിയത്.