News - 2025
ന്യൂ ഇയര്‍ ക്രൈസ്തവരുടേത്, ഇസ്ളാമിക വിശ്വാസികള്‍ ആഘോഷിക്കരുതെന്നു നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍ 24-12-2017 - Sunday
ന്യൂഡല്‍ഹി: ക്രിസ്തുമസ് ആഘോഷങ്ങളില്‍നിന്നു വിട്ടുനില്‍ക്കണമെന്ന തീവ്ര ഹൈന്ദവ പ്രസ്ഥാനത്തിന്റെ ആഹ്വാനത്തിന് പിന്നാലേ മുസ്ലിംങ്ങള്‍ക്ക് ന്യൂഇയര്‍ വിലക്കേര്‍പ്പെടുത്തി കൊണ്ട് ഇസ്ലാം മതപഠന കേന്ദ്രമായ ദേവബന്ദിലെ ഡാറുല്‍ ഉലൂം. ന്യൂ ഇയര്‍ ക്രൈസ്തവരുടേതാണെന്നും പുതുവത്സരം ആഘോഷിക്കുന്നത് ഇസ്ലാമിക നിയമങ്ങള്‍ക്ക് എതിരായതിനാല്‍ മുസ്ലിംകള്‍ ആഘോഷ പരിപാടികളില്‍നിന്നു വിട്ടു നില്‍ക്കണമെന്നും മതപഠനകേന്ദ്രം വിശ്വാസികളോട് ആവശ്യപ്പെട്ടു.
മുഹറമാണ് മുസ്ലിംകളുടെ വര്‍ഷാദ്യ ദിനം. ക്രൈസ്തവരാണ് ജനുവരി ഒന്ന് പുതുവത്സരമായി ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ ജനുവരി ഒന്നിനു ന്യൂഇയര്‍ ആഘോഷിക്കുന്നത് വിശ്വാസ വിരുദ്ധമാണ്. ആശംസകള്‍ കൈമാറുന്നതു പോലും ഇസ്ലാമിക സിദ്ധാന്തങ്ങള്‍ക്കെതിരാണ്. അതുകൊണ്ട് ഇംഗ്ലീഷ് ന്യൂഇയറോ മറ്റേതെങ്കിലും മതവിഭാഗത്തിന്റെ പുതുവത്സരാഘോഷങ്ങളോ മുസ്ലിംകള്‍ അനുകരിക്കേണ്ടതില്ല. ഡാറുല്‍ ഉലൂം പ്രതിനിധി മൗലാനാ മുഫ്തി താരിഖ് കഷ്മി ഇസ്ലാം മതവിശ്വാസിയായ ഫഹീം എന്നൊരാളുടെ സംശയത്തിനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.