News - 2025
ദൈവദാസന്‍ ആർച്ച്ബിഷപ്പ് ഹെൽഡർ കാമറയ്ക്കു ബ്രസീലിന്റെ ആദരം
സ്വന്തം ലേഖകന്‍ 30-12-2017 - Saturday
ബ്രസീലിയ: സൈനിക ആധിപത്യത്തിനെതിരെ ശക്തമായ പ്രതികരിച്ച ദൈവദാസനായ ആർച്ച്ബിഷപ്പ് ഹെൽഡർ കാമറയെ 'മനുഷ്യാവകാശങ്ങളുടെ ദേശീയസംരക്ഷകനായി' ബ്രസീല്‍ പ്രഖ്യാപിച്ചു. ബ്രസീൽ പ്രസിഡന്റ് മിഷേൽ ടെമെറാണ് കഴിഞ്ഞ ദിവസം ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. 1964 മുതല്‍ 1985 വരെ ബ്രസീലിലെ ഒലീന്ത റെസിഫെ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് ആയി സേവനം ചെയ്ത അദ്ദേഹം ദരിദ്രർക്കായി സ്വജീവിതം ഉഴിഞ്ഞുവെച്ച അതുല്യ വ്യക്തിത്വമായിരിന്നു. ലാറ്റിന്‍ അമേരിക്കയിൽ ഉടലെടുത്ത വിമോചന ദൈവശാസ്ത്രത്തിന്റെ പ്രചോദകനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരിന്നത്.
1968 ൽ സൈന്യം പരസ്യമായി ജനങ്ങളെ പീഡിപ്പിക്കാനാരംഭിച്ചപ്പോൾ മിലിട്ടറിയുടെ ഭരണത്തിനെതിരെ ഹെൽഡർ പരസ്യമായി ശബ്ദമുയർത്തി. വിപ്ലവകരമായ അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലം 1968 മുതൽ 1977 കാലയളവില്‍ ഹെൽഡറുടെ പേര് പോലും പത്രം, റേഡിയോ, ടെലിവിഷൻ മാധ്യമങ്ങളിൽ വരാൻ ഗവൺമെന്റ് അനുവദിച്ചിരുന്നില്ല.
ഹെൽഡറോടൊപ്പം പാവങ്ങൾക്കുവേണ്ടി പോരാടിയ ഫാ. അന്റോണിയോ എന്ന വൈദികനെ സൈന്യത്തിന്റെ മൗനാനുവാദത്തോടെ ശത്രുക്കൾ വധിച്ചെങ്കിലും വിദേശരാജ്യങ്ങളെ ഭയന്ന്‍ കാമറയ്ക്ക് പോലീസ് സംരക്ഷണം നൽകുകയായിരിന്നു. 1999 ആഗസ്റ്റ് 27നു വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്നു ഹെൽഡർ ഇഹലോക വാസം വെടിയുകയായിരിന്നു.