India - 2024

ക്രിസ്തുവിനെ പടിയിറക്കാനുള്ള ശ്രമം പുതുവര്‍ഷത്തില്‍ നടക്കുന്നുവെന്ന് മാര്‍ ജോസ് പൊരുന്നേടം

സ്വന്തം ലേഖകന്‍ 31-12-2017 - Sunday

മാനന്തവാടി: പുതുവര്‍ഷത്തില്‍ ക്രിസ്തുവിനെ പടിയിറക്കാനും കുടിയിറക്കാനുമുള്ള ശ്രമം പാശ്ചാത്യലോകത്ത് വളരെ ശ്രദ്ധാപൂര്‍വ്വം നടത്തുന്നുണ്ടെന്നും അതിനാലാണ് എഡി എന്ന കര്‍ത്താവിന്‍റെ വര്‍ഷം മാറ്റി സിഇ അഥവാ കോമണ്‍ ഇറ എന്ന പ്രയോഗം നടത്തുന്നതെന്നു മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പിതാവ് ഇപ്രകാരം പറഞ്ഞത്. ഭാരതത്തിലെ കലുഷിത സാഹചര്യങ്ങളെക്കുറിച്ചും പിതാവ് തന്റെ സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശം നടത്തുന്നുണ്ട്.

ക്രിസ്തുവര്‍ഷം 2017-നോട് വിട പറഞ്ഞ് 2018-ലേക്ക് നാം പ്രവേശിക്കുകയാണ്. പുതുവര്‍ഷം നിങ്ങള്‍ക്കേവര്‍ക്കും ദൈവാനുഗ്രഹത്തിന്‍റെയും അഭിവൃദ്ധിയുടെയും ഒരു വര്‍ഷമായിരിക്കട്ടെ എന്ന് മാനന്തവാടി രൂപതയുടെ പേരില്‍ ആശംസിക്കുന്നു. ഏവരെയും എന്‍റെ പ്രാര്‍ത്ഥനകളില്‍ പ്രത്യേകമായി അനുസ്മരിക്കുന്നു. വര്‍ഷം തിരിക്കപ്പെട്ടിരിക്കുന്നത് ക്രിസ്തുവിന്‍റെ ജനനത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് നിങ്ങള്‍ക്കറിയാം. എഡി എന്നാല്‍ അന്നോ ഡോമിനി, കര്‍ത്താവിന്‍റെ വര്‍ഷം.

നിര്‍ഭാഗ്യവശാല്‍ ഈ കര്‍ത്താവിന്‍റെ വര്‍ഷത്തില്‍ നിന്ന് കര്‍ത്താവിനെ അഥവാ ക്രിസ്തുവിനെ പടിയിറക്കാനും കുടിയിറക്കാനുമുള്ള വലിയൊരു ശ്രമം പാശ്ചാത്യലോകത്ത് വളരെ ശ്രദ്ധാപൂര്‍വ്വം നടത്തുന്നുണ്ട്. അതുകൊണ്ടാണവര്‍ എഡി എന്നു പറയാതെ സിഇ എന്നാണ് പറയുക, കോമ്മണ്‍ ഇറ. ക്രിസ്തുവിന്‍റെ ആശയങ്ങളും നിലപാടുകളുമൊന്നും ഞങ്ങള്‍ക്കു സ്വീകാര്യമല്ല എന്ന് പറയുന്നതിന്‍റെ സൂചനയാണത്. അതിന്‍റെ അപകടങ്ങളും അവിടെ നമുക്ക് കാണാവുന്നതാണ്.

നമ്മുടെ രാജ്യവും അത്തരമൊരു അപകടത്തില്‍ നിന്ന് ഏറെയൊന്നും ദൂരെയല്ല എന്നു നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. വര്‍ഗ്ഗീയതയുടെയും മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഭാഷയുടെയും പ്രാദേശികതയടെയുമൊക്കെ പേരില്‍, ഭൂരിപക്ഷത്തിന്‍റെയും ന്യൂനപക്ഷത്തിന്‍റെയുമൊക്കെ പേരില്‍ നമ്മുടെ നാട്ടിലെ ജനങ്ങള്‍ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെ ചൂഷണം ചെയ്ത് അധികാരത്തിലെത്താന്‍ ചിലരെങ്കിലും നടത്തുന്ന ശ്രമങ്ങളും നമ്മള്‍ കാണാതെ പോകരുത്.

ഇവിടെ നമുക്ക് വളരെ വലിയൊരു ദൗത്യമുണ്ട്, ഇതിനെതിരെ പ്രവര്‍ത്തിക്കുവാനും പോരാടുവാനും. . . ക്രിസ്തു വന്നത് സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുവാനാണ്. അങ്ങനെ ദൈവത്തിന്‍റെ രാജ്യം സ്ഥാപിക്കാനാണ്. ഇന്ത്യ എന്ന നമ്മുടെ ഈ മാതൃരാജ്യത്ത് ശാന്തിയും സമാധാനവും സത്യവും നീതിയും ഐക്യവും കൂട്ടായ്മയും പുലരേണ്ടതുണ്ട്. ഈ രാഷ്ട്രത്തിന്‍റെ ശില്പികളായ നമ്മുടെ നേതാക്കന്മാര്‍ സ്വപ്നം കണ്ടത് അപ്രകാരമൊരു ഇന്ത്യയാണ്.

അവരെല്ലാം ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത ഭരണഘടന ഈ ആദര്‍ശങ്ങളെ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. അതിന് വിരുദ്ധമായതൊന്നും ഈ രാജ്യത്ത് സംഭവിക്കാന്‍ അനുവദിക്കുകയില്ലായെന്ന് ഈ രാജ്യത്തിന്‍റെ പൗരന്മാരായ നാമോരോരുത്തരും ദൃഡപ്രതിജ്ഞയെടുക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ഈ രാജ്യം ശിഥിലമാകാന്‍ അധികനാള്‍ വേണ്ട. ആഭ്യന്തരകലഹമുള്ള ഏതൊരു ഭവനവും നിലനില്ക്കുകയില്ല എന്ന ക്രിസ്തുവിന്‍റെ വചനം ഇവിടെ പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഈ രാജ്യത്തിലെ ജനങ്ങള്‍ ഒരുമിച്ച് നിന്നില്ലെങ്കില്‍ ഈ ശൈഥില്യം നമ്മുടെ രാജ്യത്തെ ഇല്ലാതാക്കും എന്നത് നിസംശയമാണ്.

എന്‍റെ സഹപൗരരായ ഓരോരുത്തരോടും എനിക്ക് ആഹ്വാനം ചെയ്യാനുള്ളത് ഇതുതന്നെയാണ്. ഈ പുതുവര്‍ഷത്തില്‍ നമ്മളൊരു പ്രതിജ്ഞയെടുക്കണം, ഈ വൈവിദ്ധ്യമാര്‍ന്ന നമ്മുടെ നിലനില്പും ബഹുസ്വരതയുമെല്ലാമാണ് നമ്മുടെ നമ്മുടെ നാടിന്‍റെ മനോഹാരിത. പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും മുന്നേറാന്‍, പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കാന്‍, ദാരിദ്ര്യം തുടച്ചു നീക്കാന്‍, വികസിച്ച ഇന്ത്യയെ കെട്ടിപ്പെടുക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാമെന്ന ആഹ്വാനത്തോടെയാണ് ബിഷപ്പ് തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്.


Related Articles »