News - 2025
നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ആറോളം സന്യസ്ഥര്‍ മോചിതരായി
സ്വന്തം ലേഖകന്‍ 10-01-2018 - Wednesday
ബെനിന്‍ (നൈജീരിയ): കഴിഞ്ഞ നവംബര്‍ മാസത്തില്‍ നൈജീരിയയിലെ എഡോ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ ബെനിനിലെ യൂക്കരിസ്റ്റിക്ക് ഹാര്‍ട്ട് ഓഫ് ജീസസ് കോണ്‍വെന്റില്‍ നിന്നും അജ്ഞാതരായ തോക്ക് ധാരികള്‍ തട്ടിക്കൊണ്ടു പോയ 3 കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 6 പേരും മോചിപ്പിക്കപ്പെട്ടു. കോണ്‍വെന്റ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അഗത ഒസരേഖയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മോചിപ്പിക്കപ്പെട്ട സന്യസ്ഥര്‍ പൂര്‍ണ്ണ സുരക്ഷിതരാണെന്നും, അവരുടെ വൈദ്യപരിശോധനകള്‍ നടന്നുവരികയാണെന്നും സിസ്റ്റര്‍ അഗത പറഞ്ഞു.
അക്രമികള്‍ 20 ദശലക്ഷം നൈറ മോചനദ്രവ്യമായി ആവശ്യപ്പെട്ടുവെങ്കിലും മോചനദ്രവ്യം കൂടാതെ അവരുടെ മോചനം സാധ്യമാവുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇടപെടല്‍ നടത്തിയ പോലീസിനു നന്ദിപറയുവാനും സിസ്റ്റര്‍ അഗത മറന്നില്ല. നവംബര്‍ 13-ന് ഓവിയ സൗത്ത്-വെസ്റ്റിലെ ഇഗ്വോരിയാഖിയിലുള്ള മഠം ആക്രമിച്ച് കൊള്ളയടിച്ചതിന് ശേഷം അജ്ഞാതരായ തോക്ക് ധാരികള്‍ വെറോണിക്ക അജായി, റോസിലിന്‍ ഇസിയോച്ചാ, ഫ്രാന്‍സസ് ഉഡി എന്നീ കന്യാസ്ത്രീമാരേയും നിത്യവൃതത്തിനായി തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരുന്ന 3 യുവതികളേയും ഒരു സ്പീഡ് ബോട്ടില്‍ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നു.
ഇവരില്‍ സിസ്റ്റര്‍ വെറോനിക്ക അജായി ശനിയാഴ്ച ആറുമണിയോടെയും മറ്റുള്ളവര്‍ അന്നേദിവസം അര്‍ദ്ധരാത്രിക്ക് മുന്‍പായും മോചിപ്പിക്കപ്പെടുകയായിരിന്നു. പോലീസിന്റെ ശക്തമായ ഇടപെടലിലൂടെ കന്യാസ്ത്രീകള്‍ മോചിതരാകുകയായിരിന്നുവെന്ന് കമ്മീഷണര്‍ ഓഫ് പോലീസ് ജോണ്‍സണ്‍ കോകുമോ പറഞ്ഞു. പോലീസിനെ കണ്ട അക്രമികള്‍ വേറെ യാതൊരു മാര്‍ഗ്ഗവുമില്ലാത്തതിനാല്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ക്രിസ്തുമസ് പിറ്റേന്ന് തട്ടിക്കൊണ്ടു പോയ അകാംബ മേഖലയിലെ ക്രോസ്സ് റിവര്‍ കോളേജ് ഓഫ് എഡ്യുക്കേഷന്‍ മെഡിക്കല്‍ സെന്‍ററിലെ ഡോ. ഉസാങ്ങ് എകാനേമും മോചിതനായി. ഡിസംബര്‍ 2 തട്ടിക്കൊണ്ടു പോകപ്പെട്ട കന്യാസ്ത്രീമാരുടെ മോചനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനമായി നൈജീരിയയിലെ മെത്രാന്‍ സമിതി പ്രഖ്യാപിച്ചിരുന്നു. സന്യസ്ഥരുടെ മോചനത്തിനായുള്ള പ്രാര്‍ത്ഥനയില്‍ താനും പങ്കുചേരുന്നതായി ഫ്രാന്‍സിസ് പാപ്പായും പിന്നീട് പറഞ്ഞിരിന്നു.