News - 2025

പോളണ്ടിലെ 'രാജാക്കന്മാരുടെ ഘോഷയാത്ര'യില്‍ അണിചേര്‍ന്നത് 12 ലക്ഷം വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 10-01-2018 - Wednesday

വാർസോ: ലോകരക്ഷകനായി ജനിച്ച ക്രിസ്തുവിനെ കാണുവാന്‍ മൂന്നു രാജാക്കന്‍മാര്‍ എത്തിയതിനെ അനുസ്മരിച്ച് ദനഹാ തിരുനാള്‍ ദിനത്തില്‍ പോളണ്ടിൽ സംഘടിപ്പിച്ച ഘോഷയാത്രയില്‍ പങ്കെടുത്തത് പന്ത്രണ്ട് ലക്ഷത്തോളം വിശ്വാസികള്‍. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി സ്മരണ കൂടി പുതുക്കിയ പോളിഷ് ജനതയുടെ ഘോഷയാത്രയിൽ ക്രിസ്തുമസ് കരോൾ ഗാനങ്ങളും നൃത്തരൂപങ്ങളും അവതരിപ്പിച്ചു. വാർസോയില്‍ നടന്ന മാർച്ചിൽ പോളണ്ട് പ്രസിഡന്റ് ആന്ദ്രസേജ് ഡുഡയും പങ്കെടുക്കുവാന്‍ എത്തി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് അദ്ദേഹം 'രാജക്കന്മാരുടെ റാലി'യില്‍ പങ്കെടുക്കുന്നത്.

റാലിയില്‍ നിന്ന്‍ ലഭിക്കുന്ന തുക വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് പദ്ധതി. പോളണ്ടിൽ പത്താമത് തവണയാണ് രാജാക്കന്മാരുടെ സന്ദർശനത്തെ ഓര്‍മ്മിപ്പിച്ച് രാജാക്കന്മാരുടെ പ്രദക്ഷിണം സംഘടിപ്പിക്കുന്നത്. വര്‍ണ്ണാഭമായ മാര്‍ച്ച് കാസ്റ്റൽ സ്ക്വയറിൽ നിന്നുമാണ് ആരംഭിച്ചത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾ ഉണ്ണീശോയുടെ ജനന വേളയിൽ സന്ദർശനം നടത്തിയ രാജാക്കന്മാരെ പ്രതിനിധീകരിച്ചു.

പിൽസുഡ്സ്കിയില്‍ രാജാക്കന്മാര്‍ ഉണ്ണീശോയ്ക്ക് പ്രതീകാത്മക സമ്മാനം നല്‍കിയതോടെയാണ് ഘോഷയാത്ര സമാപിച്ചത്. യേശു ക്രിസ്തുവിനെ ആരാധിക്കാൻ തങ്ങള്‍ ഒരുമിച്ച് അണിചേരുകയാണെന്നും മത ഭേദമില്ലാതെ സംഘടിപ്പിച്ച ഘോഷയാത്ര നൃത്തഗാന അകമ്പടിയോടെ മനോഹരമായിരുന്നുവെന്നും പരിപാടിയ്ക്ക് നേതൃത്വം നല്കിയ പീറ്റർ ഗിയർറ്റിച്ച് എന്ന സംഘാടകന്‍ പറഞ്ഞു.

2005-ല്‍ ജനനതിരുനാളുമായി ബന്ധപ്പെട്ട് ഒരു സ്‌കൂളില്‍ അവതരിപ്പിക്കപ്പെട്ട നാടകത്തില്‍ നിന്നുമാണ് രാജാക്കന്മാരുടെ ഘോഷയാത്ര ആരംഭിച്ചത്. സ്‌കൂള്‍ നാടകം പതിയെ പ്രത്യേക തിയറ്ററിലേക്ക് മാറ്റി. 2009-ല്‍ തെരുവില്‍ ഇത്തരം പരിപാടികള്‍ നടത്തുവാന്‍ ആരംഭിക്കുകയായിരിന്നു. കൂടുതല്‍ വര്‍ണ്ണാഭമായിട്ടാണ് പരിപാടികള്‍ തെരുവിലേക്ക് എത്തിയത്. 2009 ജനുവരി നാലാം തീയതി നടന്ന പരിപാടികള്‍ ആര്‍ച്ച് ബിഷപ്പ് കസിമിയേഴ്‌സ് നൈകിസ് ആണ് ഉദ്ഘാടനം ചെയ്തത്.

ഇതേ തുടര്‍ന്നാണ് എപ്പിഫെനി തിരുനാള്‍ ദിനത്തില്‍ വാര്‍സോയില്‍ രാജാക്കന്മാരുടെ റാലി ആരംഭിച്ചത്. അധികം വൈകാതെ പോളണ്ടിലെ അഞ്ചു നഗരങ്ങളിലേക്ക് കൂടി ത്രീ കിംഗ് പ്രോസഷന്‍ നടത്തുവാന്‍ ആരംഭിക്കുകയായിരിന്നു. 16 രാജ്യങ്ങളിലായി 420-ല്‍ അധികം പട്ടണങ്ങളില്‍ എപ്പിഫനി തിരുനാളുമായി ബന്ധപ്പെട്ടു രാജാക്കന്മാരുടെ റാലി നടത്തപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.


Related Articles »