News

ചൈനയില്‍ ക്രൈസ്തവ ദേവാലയം തകര്‍ത്തു: കമ്മ്യൂണിസ്റ്റ് അടിച്ചമര്‍ത്തല്‍ തുടരുന്നു

സ്വന്തം ലേഖകന്‍ 12-01-2018 - Friday

ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രൈസ്തവ ദേവാലയം ഇടിച്ചുതകര്‍ത്തു. വടക്കന്‍ ചൈനയിലെ ലിന്‍ഫെന്‍ നഗരത്തിലെ ഗോൾഡൻ ലാംപ്സ്റ്റാൻഡ് ഇവാഞ്ചലിക്കല്‍ ദേവാലയമാണ് സര്‍ക്കാര്‍ അധികൃതര്‍ തകര്‍ത്തത്. ഡൈനാമിറ്റ് വച്ച് പള്ളി തകര്‍ത്തശേഷം ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഏതാനും വിശ്വാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 2009ല്‍ ആണ് ഗോള്‍ഡന്‍ ലാംപ്സ്റ്റാൻഡ് ദേവാലയം നിര്‍മ്മിച്ചത്. ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയെ തടയാന്‍ ശക്തമായ നടപടിയുമായാണ് സീ ജിന്‍പിംഗിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് ഗോൾഡൻ ലാംപ്സ്റ്റാൻഡ് ഇവാഞ്ചലിക്കല്‍ ദേവാലയം.

കഴിഞ്ഞ ഡിസംബറില്‍ ഷാന്‍സിക്കു സമീപം ഷിഫാഗിലെ കത്തോലിക്കാ ദേവാലയവും ചൈനീസ് അധികൃതര്‍ തകര്‍ത്തിരിന്നു. 2012-ല്‍ അധികാരത്തിലേക്ക് എത്തിയ സീ ജിന്‍പിംഗ് കൂടുതല്‍ ശക്തമായ രീതിയില്‍ മതത്തെ നിയന്ത്രിക്കുവാനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ‘ചൈനീസ് എയ്ഡ്’ എന്ന ക്രൈസ്തവ സംഘടന നേരത്തെ വ്യക്തമാക്കിയിരിന്നു.

2015ല്‍ ഷെജിയാംഗ് പ്രവിശ്യയിലെ നിരവധി ദേവാലയങ്ങള്‍ക്കു നേരേ ആക്രമണം നടന്നു. 1200 കുരിശുകള്‍ നീക്കം ചെയ്തു. എന്നാല്‍ ഈ പ്രതിസന്ധികളുടെ നടുവിലും 2030-ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസികളുള്ള രാജ്യം എന്ന ഉന്നതിയിലേക്ക് ചൈന കുതിക്കുമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.


Related Articles »