News - 2025

ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷ പ്രചരണവുമായി വീണ്ടും ആര്‍‌എസ്‌എസ്

സ്വന്തം ലേഖകന്‍ 12-01-2018 - Friday

അഹമ്മദാബാദ്: ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും വിദ്വേഷ പ്രചരണവുമായി തീവ്രഹൈന്ദവ പ്രസ്ഥാനമായ ആര്‍‌എസ്‌എസ്. ഗുജറാത്തിൽ നടന്ന ഹൈന്ദവ ദേശീയ സംഘടനകളുടെ യോഗത്തിൽ രാഷ്ട്രീയ സ്വയം സേവക് സംഘ പ്രതിനിധിയായ എസ്.ഗുരുമൂർത്തി ക്രിസ്തുമതം പ്രകൃതിയെ നശിപ്പിച്ചുവെന്ന വിവാദ പ്രസ്താവനയാണ് നടത്തിയത്. ഹിന്ദു സ്പിരിച്വൽ സർവ്വീസ് ഫൗണ്ടേഷൻ ജനുവരി 5 മുതൽ എട്ട് വരെ സംഘടിപ്പിച്ച ഹൈന്ദവ മേളയിൽ മുന്നൂറോളം ഹൈന്ദവ സംഘടനകൾ പങ്കെടുത്തത്. ഹൈന്ദവർ മാത്രമാണ് പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകുന്നതെന്നും ലോക പരിസ്ഥിതിയെ ക്രൈസ്തവര്‍ നശിപ്പിച്ചെന്നും ഗുരുമൂർത്തി പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം പ്രസ്താവനയെ അപലപിച്ചുകൊണ്ട് ഗ്ലോബല്‍ കൗൺസിൽ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് സംഘടന രംഗത്തെത്തിയിട്ടുണ്ട്. ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ ഭൂമിയും അതിലെ സകല ജീവജാലങ്ങളുടെ മേലുള്ള അധികാരം ദൈവം മനുഷ്യന് നല്‍കിയെന്നും അതിനാൽ പരിസ്ഥി സംരക്ഷിക്കുക സഭയുടെ അടിസ്ഥാനപരമായ ഉത്തരവാദിത്വമാണെന്നും സംഘടന പ്രസിഡന്റ് സാജൻ കെ ജോർജ് പ്രതികരിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ പരിസ്ഥിതി സംരക്ഷണത്തിൽ ഭാരത സഭയ്ക്ക് മാതൃകയായി വി. ഫ്രാൻസിസ് അസീസി നിലകൊള്ളുന്നു. മതവിദ്വേഷത്തിന്റെ വിത്തുകൾ പാകി മനുഷ്യ മനസുകളിൽ ക്രൈസ്തവവിരുദ്ധ വികാരം ഉണർത്തുകയാണ് ഗുരുമൂർത്തി. ക്രൈസ്തവർക്കെതിരെ ഗുരുമൂർത്തി ഉയർത്തിയ വാദം ശരിയല്ലായെന്നും ക്രൈസ്തവ സഭ ദൈവത്തിന്റെ സൃഷ്ടികൾക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് മുന്നെയും തീവ്രഹൈന്ദവ പ്രസ്ഥാനമായ ആര്‍‌എസ്‌എസ് വിദ്വേഷം നിറഞ്ഞ പ്രസ്താവനകള്‍ നടത്തിയിരിന്നു. ജാര്‍ഖണ്ഡിനെ ക്രൈസ്തവ മുക്തമാക്കുമെന്ന് ആര്‍‌എസ്‌എസ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരിന്നു. അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന തോതിലുള്ള അക്രമണമാണ് കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് ആര്‍‌എസ്‌എസും പോഷക സംഘടനകളും ക്രൈസ്തവര്‍ക്ക് നേരെ അഴിച്ചുവിട്ടത്. 23-ഓളം അക്രമങ്ങള്‍ വിവിധ സ്ഥലങ്ങളിലായി ക്രിസ്ത്യാനികള്‍ക്ക് നേരെ ഉണ്ടായെന്നാണ് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ ഔദ്യോഗിക വാര്‍ത്ത എജന്‍സി 'ഫിഡ്സ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭാരതത്തില്‍ നടക്കുന്ന വിദ്വേഷപ്രചരണത്തെയും മതമര്‍ദ്ധനത്തെയും ശരിവെച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഓപ്പണ്‍ ഡോർസ് യു.എസ്.എയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടക്കുന്ന ആഗോള രാജ്യങ്ങളിൽ 81 പോയന്റുമായി 11-മതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മതപീഡനങ്ങളുടെ വളര്‍ച്ച വളരെ ത്വരിതഗതിയിലാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടി കാണിക്കുന്നത്.


Related Articles »