News
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയുടെ രജതജൂബിലി ആഘോഷം ഇന്ന്
സ്വന്തം ലേഖകന്‍ 13-01-2018 - Saturday
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി ആഘോഷം സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് ഇന്ന് നടക്കും. കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ ഉച്ചകഴിഞ്ഞു 2.30നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അധ്യക്ഷത വഹിക്കും.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഡോ. സിറിള്‍ വാസില്‍, വരാപ്പുഴ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ബിഷപ്പ് മാര്‍ ആന്റണി കരിയില്‍, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ്, എസ്എംവൈഎം പ്രസിഡന്റ് അരുണ്‍ ഡേവിസ് എന്നിവര്‍ പ്രസംഗിക്കും.
വിവിധ ക്രൈസ്തവ സഭകളിലെ മെത്രാന്മാര്‍, കേരളത്തിനകത്തും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെയും സന്യാസസമൂഹങ്ങളിലെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡോക്യുമെന്ററി പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടാകും.
1992 ഡിസംബര്‍ 16നാണു ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി 34 രൂപതകള്‍ സഭയ്ക്കുണ്ട്. കൂടാതെ കാനഡയില്‍ മിസിസാഗ ആസ്ഥാനമായി എക്‌സാര്‍ക്കേറ്റും ന്യൂസിലന്‍ഡിലും യൂറോപ്പിലും അപ്പസ്‌തോലിക് വിസിറ്റേറ്റര്‍മാരും ഉണ്ട്. സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യയില്‍ മുഴുവന്‍ അജപാലനാധികാരം ലഭിച്ചതു രജതജൂബിലി വര്‍ഷത്തിലാണ്.
