News

മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ കുഞ്ഞുങ്ങള്‍ കടന്നുപോകുന്നത് കടുത്ത പീഡനങ്ങളിലൂടെ

സ്വന്തം ലേഖകന്‍ 13-01-2018 - Saturday

വാഷിംഗ്ടണ്‍: ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്ത്യന്‍ കുട്ടികള്‍ കടുത്ത അടിച്ചമര്‍ത്തല്‍ നേരിടേണ്ടി വരുന്നതായി ആഗോള ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ തലവന്‍. സി‌ഇ‌ഓ ഡേവിഡ് കറിയാണ് മിഷന്‍ നെറ്റ്വര്‍ക്ക് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നിന്നുമുള്ള കുഞ്ഞുങ്ങള്‍ ക്രൂരമായ പീഡനങ്ങള്‍ക്കിരയാവുകയും, ഭവനരഹിതരാക്കപ്പെടുകയും, കൊലപാതകത്തിന് പോലും ഇരയാക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മധ്യപൂര്‍വ്വേഷ്യ, മധ്യേഷ്യ, ഇറാഖ്, സിറിയ, ഖസാഖിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ക്രിസ്ത്യന്‍ കുട്ടികള്‍ ഇന്നുവരെ ആരും അനുഭവിച്ചിട്ടില്ലാത്ത രീതിയിലുള്ള മാനസികാഘാതത്തിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. കുട്ടികള്‍ക്കേല്‍ക്കുന്ന ഇത്തരം മാനസികാഘാതങ്ങള്‍ അവരുടെ വിശ്വാസജീവിതത്തെ കാര്യമായി ബാധിക്കും. കുട്ടികളെ തട്ടിക്കൊണ്ടുപോയി തീവ്രവാദ സംഘടനകളുടെ പോരാളികളാക്കുന്നു, പരസ്പരം കൊല്ലുവാനും, മറ്റുള്ളവരെ കൊല്ലുവാനും അവരെ പ്രേരിപ്പിക്കുന്നു.

2017-ല്‍ നൈജീരിയയിലെ ഐ‌എസ് അനുകൂല സംഘടനയായ 'ബൊക്കോ ഹറാം' 135-ഓളം കുട്ടികളെ ചാവേര്‍ ബോംബാക്രമണങ്ങള്‍ക്ക് അയച്ചിരിന്നു. മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം മതപീഡനമുണ്ടാകുമ്പോള്‍ അതിന്റെ ഉറവിടവും കണ്ടെത്തുവാനും, സഹായമഭ്യര്‍ത്ഥിക്കുവാനും കഴിയും, എന്നാല്‍ കുട്ടികളുടെ കാര്യമോ ?. പലപ്പോഴും കുട്ടികള്‍ക്ക് ഒന്ന് ഒച്ചവെക്കുവാന്‍ പോലും സാധിക്കുകയില്ല, പ്രത്യേകിച്ച് അവര്‍ അനാഥരാണെങ്കില്‍. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് താന്‍ കണ്ട നോഹ എന്ന ഇറാഖി ക്രിസ്ത്യന്‍ ബാലന്റെ കഥയും അദ്ദേഹം പങ്കുവെച്ചു. പാതിരാത്രിയില്‍ തങ്ങള്‍ ക്രിസ്ത്യാനികളായതിനാല്‍ ഐ‌എസ് തങ്ങളെ ആക്രമിക്കുവാന്‍ വരുന്നുവെന്ന്‍ മാതാപിതാക്കള്‍ പറഞ്ഞപ്പോള്‍ പാതിയുറക്കത്തില്‍ നിന്നും ഉണര്‍ന്ന് തനിക്ക് പ്രിയപ്പെട്ട ഭവനവും തന്റെ കളിപ്പാട്ടങ്ങളും ഉപേക്ഷിച്ചോടേണ്ടിവന്ന കഥയാണ്‌ നോഹാക്ക് പറയുവാനുള്ളത്. നോഹാസ്വഭവനത്തിലേക്ക് തിരികെ വന്നപ്പോള്‍ എല്ലാം നശിപ്പിക്കപ്പെട്ടിരുന്നു.

കുട്ടികളും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്നത് പോലും കണക്കാക്കാതെയാണ് ഇസ്ലാമിക് സ്റ്റേറ്റിനെ പോലെയുള്ള ചില തീവ്രവാദി സംഘടനകള്‍ ക്രൈസ്തവ പ്രാധാന്യമര്‍ഹിക്കുന്ന ദിവസങ്ങളില്‍ ആക്രമണം നടത്തുന്നത്. പാശ്ചാത്യ ലോകത്തുള്ളവര്‍ ഉത്തരം പറയുവാന്‍ താല്‍പ്പര്യം കാണിക്കാത്ത ചില ചോദ്യങ്ങള്‍ ഈ കുട്ടികള്‍ക്ക് ചോദിക്കുവാനുണ്ട്. ഇവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യന്‍ കുട്ടികളെ സഹായിക്കുവാനുള്ള ഓപ്പണ്‍ ഡോര്‍സിന്റെ പ്രേഷിത ദൗത്യത്തില്‍ പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു.


Related Articles »