News - 2025
തോമാശ്ലീഹായുടെ വിശ്വാസപ്രഘോഷണം സഭൈക്യത്തിന്റെ കേന്ദ്രബിന്ദുവാകണം: പാത്രിയാര്‍ക്കീസ് സാക്കോ
സ്വന്തം ലേഖകന്‍ 14-01-2018 - Sunday
കൊച്ചി: തോമാശ്ലീഹായുടെ വിശ്വാസപ്രഘോഷണം സഭകളുടെ ഐക്യത്തിന്റെ കേന്ദ്രബിന്ദുവാകണമെന്നു കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ലൂയിസ് റാഫേല്‍ സാക്കോ. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടതിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
തോമാശ്ലീഹായിലൂടെ ആരംഭിക്കുന്ന സീറോ മലബാര്‍ സഭയുടെ മഹത്തായ പൈതൃകം, കാലഘട്ടത്തിന്റെ മാറ്റങ്ങളറിഞ്ഞ് ഇന്ത്യയിലും പുറത്തും കൂട്ടായ്മാനുഭവത്തോടെ തീക്ഷ്ണമായി പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നത് ആഗോള സഭയ്ക്കാകെയും അഭിമാനകരമാണ്. പ്രേഷിതതീക്ഷ്ണതയിലും കൂട്ടായ്മയിലും വലിയ വളര്‍ച്ച സ്വന്തമാക്കിയ സീറോ മലബാര്‍ സഭ വൈകാതെ പാത്രിയര്‍ക്കല്‍ പദവിയിലേക്കുയര്‍ത്തപ്പെടുമെന്നാണു പ്രതീക്ഷ.
ഇറാഖിലും പശ്ചിമേഷ്യയിലും സഭ സഹനങ്ങളുടെ തീച്ചൂളയിലൂടെയാണു കടന്നുപോകുന്നത്. പീഡിപ്പിക്കപ്പെടുമ്പോഴും ക്രിസ്തുവിലുള്ള പ്രത്യാശയില്‍ വിശ്വാസത്തില്‍ അടിയുറച്ചു ജീവിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.