News
ഭൂമി വിഷയത്തില്‍ സീറോ മലബാര്‍ സിനഡിന്റെ പത്രകുറിപ്പ്
സ്വന്തം ലേഖകന്‍ 14-01-2018 - Sunday
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭാ സിനഡ് പത്രക്കുറിപ്പ് പുറപ്പെടുവിച്ചു. സിനഡ് ഇന്നലെ സമാപിച്ച പശ്ചാത്തലത്തിലാണ് പത്രകുറിപ്പ് പുറത്തിറക്കിയത്. അതിരൂപതയില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന പ്രതിസന്ധിയില്‍ സീറോമലബാര്‍ സിനഡിന് ഏറെ ദുഃഖമുണ്ടെന്നും പ്രശ്‌നപരിഹാരത്തിനായി പ്രാര്‍ത്ഥിക്കുന്ന ഏവരെയും സിനഡ് നന്ദിയോടെ അനുസ്മരിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
സീറോ മലബാര്‍ സിനഡിന്റെ പത്രകുറിപ്പിന്റെ പൂര്‍ണ്ണ രൂപം
എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക സമിതി സെക്രട്ടറി സീറോ മലബാര്‍ ബിഷപ്പ്‌സ് സിനഡിലെ പിതാക്കന്മാര്‍ക്ക് ഒരു കത്ത് നല്‍കിയിരുന്നു. അതിരൂപതയില്‍ നടന്ന ഭൂമി ഇടപാടിനെ സംബന്ധിച്ചുണ്ടായ ഗൗരവതരമായ പ്രശ്‌നങ്ങളില്‍ സിനഡ് ശ്രദ്ധ ചെലുത്തുകയും പ്രശ്‌നപരിഹാരത്തിന് സഹായിക്കുകയും ചെയ്യണം എന്നതായിരുന്നു കത്തിലെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ഏതാനും വൈദികരും അല്മായ സഹോദരങ്ങളും നല്കിയ കത്തുകളും സിനഡില്‍ വായിക്കുകയുണ്ടായി. സിനഡ് ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുകയും ഈ വിഷയത്തില്‍ ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനായി മെത്രാന്മാരുടെ ഒരു അഞ്ചംഗകമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.
പ്രസ്തുത കമ്മിറ്റി ബന്ധപ്പെട്ടവരുമായി സംസാരിച്ചു കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ സിനഡിനു മുന്നില്‍ സമര്‍പ്പിച്ചു. അതേക്കുറിച്ചു പിതാക്കന്മാര്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുകയും താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു.
ആഗോള സീറോമലബാര്‍ സഭയുടെ തലവനായ മേജര്‍ ആര്‍ച്ച്ബിഷപ്പിനു സഭയുടെ പൊതുവായ കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ടത് ആവശ്യമാകയാല്‍ എറണാകുളംഅങ്കമാലി അതിരൂപതയിലെ സഹായമെത്രാന്മാര്‍ ആ അതിരൂപതയുടെ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും അതിനാവശ്യമായ അധികാരാവകാശങ്ങള്‍ മേജര്‍ ആര്‍ച്ച്ബിഷപ് അവര്‍ക്ക് ഏല്പിച്ചുകൊടുക്കുകയും ചെയ്യണമെന്നു സിനഡ് നിര്‍ദേശിച്ചു.
അതിരൂപതയില്‍ ഇപ്പോഴുണ്ടായിട്ടുള്ള വിഷമകരമായ സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിനു പ്രോട്ടോസിഞ്ചല്ലൂസ് അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് നേതൃത്വം ഏറ്റെടുക്കണം. അതിരൂപതയിലെ കാനോനിക സമിതികളായ ആലോചനാസമിതി, സാമ്പത്തികകാര്യസമിതി, അതിരൂപതാ കൂരിയ എന്നിവ എത്രയും വേഗം ചേര്‍ന്നു വസ്തു ഇടപാടില്‍ അതിരൂപതയ്ക്കുണ്ടായിട്ടുള്ള സാന്പത്തിക നഷ്ടങ്ങളും അനുബന്ധപ്രശ്‌നങ്ങളും ശരിയായി വിലയിരുത്തണം.
ഇക്കാര്യങ്ങള്‍ വിശദമായി പഠിച്ചു നഷ്ടപരിഹാരം ഉള്‍പ്പെടെ പരിഹാരമാര്‍ഗങ്ങളും ഉചിതമായ നടപടികളും ശിപാര്‍ശ ചെയ്യുന്നതിനായി ഒരു വിദഗ്ധസമിതിയെ സമയബന്ധിതമായി ചുമതലപ്പെടുത്തുക. ഈ സമിതിയുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ ആവശ്യമായ തീരുമാനങ്ങളെടുക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനോടു ശിപാര്‍ശചെയ്യുക. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ സമ്മതത്തോടെ വേണം എടുക്കാന്‍. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സിനഡ് കമ്മിറ്റിയുടെ സഹായം തേടാവുന്നതാണ്.
അതിരൂപതാസമിതികള്‍ സുതാര്യമായും കൂട്ടുത്തരവാദിത്വത്തോടെയും സഭാനിയമങ്ങള്‍ക്കനുസൃതം ശരിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. പ്രസ്ബിറ്ററല്‍ കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍, പ്രസ്ബിറ്റേറിയം എന്നിവ സമയാസമയങ്ങളില്‍ ചേര്‍ന്നു അവയുടെ ശരിയായ പ്രവര്‍ത്തനത്തിലൂടെ വൈദികക്കൂട്ടായ്മയും വൈദികഅല്മായ ബന്ധങ്ങളും ശക്തിപ്പെടുത്താന്‍ ഉതകുംവിധം ശരിയായി പ്രവര്‍ത്തിക്കുന്നുവെന്നു പ്രോട്ടോ സിഞ്ചല്ലൂസ് ഉറപ്പു വരുത്തണം.
എറണാകുളം അങ്കമാലി അതിരൂപതയില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്ന ഈ പ്രതിസന്ധിയില്‍ സീറോമലബാര്‍ സിനഡിന് ഏറെ ദുഃഖമുണ്ട്. പ്രശ്‌നപരിഹാരത്തിനായി പ്രാര്‍ത്ഥിക്കുന്ന ഏവരെയും സിനഡ് നന്ദിയോടെ അനുസ്മരിക്കുന്നു. മുറിവുകള്‍ ഉണക്കുന്ന സ്വര്‍ഗീയ ഭിഷഗ്വരനായ ഈശോയില്‍ പൂര്‍ണമായി ആശ്രയമര്‍പ്പിച്ചുകൊണ്ട് കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മനോഭാവത്തോടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരും പരിശ്രമിക്കണം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.