News - 2024

ഫ്രാന്‍സിസ് പാപ്പയുടെ തെക്കേ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം

സ്വന്തം ലേഖകന്‍ 15-01-2018 - Monday

വത്തിക്കാന്‍ സിറ്റി: കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ഫ്രാന്‍സിസ് പാപ്പയുടെ തെക്കന്‍ അമേരിക്കന്‍ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. പടിഞ്ഞാറന്‍ തീരനാടുകളായ ചിലിയും, പെറുവുമാണ് പാപ്പ സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് സമയം 12.30 ന് വത്തിക്കാനിലെ “ലെയൊണാര്‍ഡോ ഡാവിഞ്ചി” അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പാപ്പയും സംഘവും ചിലിയിലേക്കു പുറപ്പെടും. ചിലിയില്‍, സന്ധ്യാഗൊയിലുള്ള രാജ്യാന്തര വിമാനത്താവളത്തില്‍ നാളെ പുലര്‍ച്ചെ 4.40നു പാപ്പ എത്തിച്ചേരും.

“എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു നല്കുന്നു” എന്നതാണ് പാപ്പായുടെ ചിലി സന്ദര്‍ശനത്തിന്‍റെ മുദ്രാവാക്യം. 18 വരെ പാപ്പ ചിലിയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. സന്ധ്യാഗൊ, തെമൂക്കൊ, ഇക്കീക്കെ എന്നീ പട്ടണങ്ങളാണ് പാപ്പ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തെ നാലോളം ദേവാലയങ്ങളില്‍ ആക്രമണം നടന്നിരിന്നു. രണ്ട് ദേവാലയങ്ങള്‍ക്ക് തീവെച്ച ശേഷം ഫ്രാന്‍സിസ് പാപ്പയ്ക്ക് വധഭീഷണി കുറിച്ചുകൊണ്ടുള്ള ലഘുലേഖ വിതറിയതിന് ശേഷമാണ് അക്രമികള്‍ പിന്‍വാങ്ങിയത്.

ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പാപ്പയുടെ സന്ദര്‍ശനത്തെ തുടര്‍ന്നു ചിലിയില്‍ ക്രമീകരിച്ചിരിക്കുന്നത്. പതിനെട്ടാം തിയതി പെറുവിലേക്കു യാത്രയാകുന്ന പാപ്പ ഇരുപത്തിയൊന്നാം തീയതി വരെ അവിടെ തുടരും. ലീമ, പുവെര്‍ത്തൊ മല്‍ദൊണാദൊ, ത്രുഹീല്യൊ എന്നിവിടങ്ങളാണ് പെറുവില്‍ പാപ്പായുടെ സന്ദര്‍ശനവേദികള്‍. “പ്രത്യാശയാല്‍ ഐക്യപ്പെട്ട്” എന്നാണ് പാപ്പയുടെ പെറു അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആദര്‍ശവാക്യം. ലാറ്റിന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ഇരുപത്തിരണ്ടിന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തിരികെയെത്തും.


Related Articles »