News
എറിട്രിയയില്‍ ക്രിസ്ത്യന്‍ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്
സ്വന്തം ലേഖകന്‍ 15-01-2018 - Monday
അസ്മാറ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എറിട്രിയയില്‍ ക്രൈസ്തവ സമൂഹം നടത്തുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നു വിവിധ നഗരങ്ങളിലായി കത്തോലിക്കാ സഭക്ക് കീഴിലുള്ള അഞ്ചോളം ക്ലിനിക്കുകള്‍ അടച്ചുപൂട്ടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അസ്മാരയിലെ രൂപതാ കാര്യാലയവും, സന്യാസഭവനവുമായി പ്രവര്‍ത്തിച്ചിരുന്ന മൈനര്‍ സെമിനാരിയും സൊറോണയിലെ മെഡിക്കല്‍ ക്ലിനിക്കും, ഡെക്കേംഹാരേയിലേയും, മെന്‍ഡെഫെറായിലേയും കത്തോലിക്കാ മെഡിക്കല്‍ സെന്ററുകളും വിലക്കിനെതുടര്‍ന്ന് അടച്ചു പൂട്ടി.
സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കികൊണ്ട് 1995 മുതല്‍ നിയമമുണ്ടായിരുന്നുവെങ്കിലും ഫലത്തില്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടില്ലായിരുന്നുവെന്ന് എറിട്രിയന്‍ സമൂഹത്തിനും മെഡിറ്ററേനിയനിലെ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അസ്മാറയിലെ ഫാ. മുസ്സി സെറായി 'ഫിഡ്സ്' ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. അതിനാല്‍തന്നെ ഇതുവരെ ക്രൈസ്തവരുടെയും സാമൂഹികസേവന പ്രവര്‍ത്തനങ്ങളെ ഈ നിയമം കാര്യമായി ബാധിച്ചിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വളരെ കര്‍ശനമായി ഈ നിയമം പ്രാബല്യത്തില്‍ വരുത്തുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയായിരിന്നു. ഓര്‍ത്തഡോക്സ് സഭയുടേയും മുസ്ലീം സമുദായത്തിന്റേയും കീഴിലുള്ള നിരവധി കോളേജുകള്‍ അടക്കേണ്ടതായി വന്നിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ അടച്ചുപൂട്ടിയ ഒരു ഇസ്ലാമിക സ്ഥാപനം വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് തുറക്കേണ്ടതായി വന്നു. അടിച്ചമര്‍ത്തല്‍ നടപടികളുടെ ദൂഷ്യവശങ്ങള്‍ ഏറ്റവും കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് പൊതുജനങ്ങള്‍ക്കാണെന്ന് ഫാ. മുസ്സി പറയുന്നു.
സര്‍ക്കാര്‍ ആശുപത്രികളുടെ പതിപ്പാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഡെക്കേംഹാരേയിലേയും, മെന്‍ഡെഫെറായിലേയും സൊറോണ കത്തോലിക്കാ മെഡിക്കല്‍ സെന്ററുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ ആശുപത്രികളിലെ അവസ്ഥ വളരെ ദയനീയമാണ്. അവിടെ ആവശ്യത്തിന് മരുന്നോ, ഉപകരണങ്ങളോ ചിലപ്പോള്‍ വൈദ്യുതി പോലും ഇല്ലാത്ത അവസ്ഥയാണ്. നടപടികള്‍ക്കെതിരെ ജനങ്ങള്‍ക്ക് പ്രതികരിക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന്‍ ഫാ. മുസ്സി പറയുന്നു.
സര്‍ക്കാര്‍ നടപടിയ്ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കു ക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടി വരുന്നത്. കഴിഞ്ഞ മാസം ഏഴായിരത്തോളം യുവജനങ്ങള്‍ സംഘടിച്ചു പ്രസിഡന്റ് ഇസെയാസ് അഫെവോര്‍ക്കിയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. സര്‍ക്കാര്‍ ഉദ്യാഗസ്ഥരുടെ അക്രമങ്ങള്‍ തടയുവാനായിരിന്നു യുവജനങ്ങളുടെ ആവശ്യം. എന്നാല്‍ കൂടിക്കാഴ്ചക്ക് ശേഷം നക്ഫായിലെ ശിക്ഷാ ക്യാമ്പില്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് നിറുത്തി ശിക്ഷ നല്‍കുകയാണ് അധികൃതര്‍ ചെയ്തത്. എറിട്രിയായിലെ അതോറിട്ടേറിയന്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് മത വിശ്വാസങ്ങള്‍ക്കു എതിരെ കടുത്ത അക്രമം അഴിച്ചുവിടുന്നത്.
