News

ശ്രീലങ്കന്‍ കത്തോലിക്ക സഭ 2018 നല്ലിടയന്റെ വര്‍ഷമായി ആചരിക്കും

സ്വന്തം ലേഖകന്‍ 17-01-2018 - Wednesday

കൊളംബോ: ശ്രീലങ്കയിലെ കത്തോലിക്ക സഭാസമൂഹം പുതുവര്‍ഷം നല്ലിടയന്‍റെ വര്‍ഷമായി ആചരിക്കും. അതേസമയം കുഞ്ഞുങ്ങളെയും യുവജനങ്ങളെയും പ്രത്യേകം സമര്‍പ്പിച്ചുകൊണ്ടാണ് ആംഗ്ലിക്കൻ സമൂഹം 2018 ചിലവിടുക. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ തലസ്ഥാന നഗരിയിലെ സെന്‍റ്. ലൂസി കത്തോലിക്ക കത്തീഡ്രലിലും ആംഗ്ലിക്കൻ ക്രിസ്തുരാജ കത്തീഡ്രലിലുമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. കത്തോലിക്ക സഭയുടെ ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് കാർമ്മികത്വം വഹിച്ചു. സഹായ മെത്രാൻ മോൺ.മാക്സ് വെൽ സിൽവയും വൈദികരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിശുദ്ധ ജോസഫ് വാസിന് സമർപ്പിക്കപ്പെട്ട കഴിഞ്ഞ വർഷത്തിന്റെ ഔദ്യോഗിക സമാപനവും ദിവ്യബലിയില്‍ പ്രത്യേകമായി അനുസ്മരിക്കപ്പെട്ടു. ഫ്രാൻസിസ് മാർപാപ്പ തന്റെ സ്ഥാനാരോഹണ ചടങ്ങിൽ പ്രഖ്യാപിച്ച സ്നേഹം, കരുണ, ദയ എന്നിവ നിറഞ്ഞ സഭയ്ക്കു വേണ്ടി പുതുവര്‍ഷത്തില്‍ യത്നിക്കുമെന്ന് കർദ്ദിനാൾ രഞ്ജിത്ത് തന്റെ സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസികളെ മനസ്സിലാക്കി അവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നല്ല ഇടയരാകാനും അദ്ദേഹം വൈദികരോട് ആഹ്വാനം ചെയ്തു. കുഞ്ഞുങ്ങളെയും യുവജനങ്ങളെയും സമര്‍പ്പിച്ചുകൊണ്ടുള്ള ആംഗ്ലിക്കന്‍ സഭയുടെ പ്രഖ്യാപനം ശനിയാഴ്ചയാണ് നടന്നത്.

ശുശ്രൂഷകളില്‍ ശ്രീലങ്കൻ അപ്പസ്തോലിക ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് നഗുയൻ വാൻ തോദും പങ്കെടുത്തു. ശുശ്രൂഷ മദ്ധ്യേ ആംഗ്ലിക്കന്‍ ബൈബിൾ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രിയന്ത വി ജെഗുണിവാർധീൻ സ്ഥാനമേറ്റു. സഭയുടെ ഭാവി യുവജനങ്ങളുടെ കൈയ്യിലാണെന്നും അതിനാൽ സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ അവരെ തീക്ഷണതയോടെ പങ്കെടുപ്പിക്കണമെന്നും ആംഗ്ലിക്കന്‍ സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുതുവര്‍ഷത്തില്‍ യുവജനങ്ങൾക്ക് ബൈബിൾ അധിഷ്ഠിത ക്ലാസുകള്‍ നല്കുവാനും സംതൃപ്ത കുടുംബ ജീവിതം നയിക്കുന്നതിനുള്ള പരിശീലനം നല്കുവാനുമാണ് സഭയുടെ പദ്ധതി.


Related Articles »