News - 2025
പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിലകൊള്ളും: അമേരിക്കന്‍ വൈസ് പ്രസിഡന്റ് പെന്‍സ്
സ്വന്തം ലേഖകന്‍ 24-01-2018 - Wednesday
ജെറുസലേം: അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കും, സമാധാന പുനഃസ്ഥാപനത്തിനുമായി അമേരിക്ക എക്കാലവും നിലകൊള്ളുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ജനുവരി 22-ന് ഇസ്രായേല്‍ പാര്‍ലമെന്റായ ക്നെസ്സെറ്റില്‍ വച്ച് നടത്തിയ പ്രസംഗത്തിലാണ് മൈക്ക് പെന്‍സ് ഇക്കാര്യം ആവര്‍ത്തിച്ചത്. അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളേയും മറ്റ് മതന്യൂനപക്ഷങ്ങളേയും സഹായിക്കുവാന്‍ അമേരിക്ക എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം ഇസ്രായേല്‍ പാര്‍ലമെന്റംഗങ്ങളോട് പറഞ്ഞു.
ഇതിനോടകം തന്നെ 11 കോടിയിലധികം ഡോളര്‍ മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്കും, മതന്യൂനപക്ഷങ്ങള്‍ക്കുമായി അമേരിക്ക ചിലവഴിച്ചു കഴിഞ്ഞു. കാര്യക്ഷമമല്ലാത്ത ദുരിതാശ്വാസ പദ്ധതികള്‍ക്കായുള്ള ഫണ്ടുകള്‍ ഇക്കാര്യത്തിനായി ഉപയോഗിക്കും. ഇതാദ്യമായി അമേരിക്ക ക്രിസ്ത്യാനികളുടെ സഹായത്തിനായി നേരിട്ടിറങ്ങുകയാണ്. ലോകമെങ്ങുമുള്ള മതനേതാക്കളേയും ഞങ്ങള്‍ പിന്തുണക്കും. കാരണം, വെറുക്കുന്നതിനു പകരം സ്നേഹിക്കുവാനാണ് അവര്‍ തങ്ങളുടെ അനുയായികളെ പഠിപ്പിക്കുന്നത്. കൂടാതെ ഐഎസ് പോലെയുള്ള തീവ്രവാദ സംഘടനകളാല്‍ പീഡിപ്പിക്കപ്പെട്ടവരേയും ഞങ്ങള്‍ സഹായിക്കും.
സമാധാന സ്ഥാപനത്തെ മുന്‍നിറുത്തിയാണ് ജെറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാണെന്ന് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചതെന്നും, 2019 അവസാനത്തോടെ അമേരിക്കയുടെ നയതന്ത്ര കാര്യാലയം ടെല്‍-അവീവില്‍ നിന്നും ജെറുസലേമിലേക്ക് മാറ്റുമെന്നും പെന്‍സ് അറിയിച്ചു. ദൈവത്തിലുള്ള വിശ്വാസവും, അതുപോലെതന്നെ ഇസ്രായേല്‍ ജനതയോടും സ്വാതന്ത്ര്യത്തിനും, സമാധാനത്തിനും, സുരക്ഷിതത്തിനുമുള്ള അവരുടെ സമര്‍പ്പണത്തിലുള്ള വിശ്വാസവും പുതുക്കാതെ പിന്‍വാങ്ങുകയില്ല എന്നാണ് തന്‍റെ ഇസ്രായേല്‍ സന്ദര്‍ശനത്തെക്കുറിച്ച് പെന്‍സ് ട്വിറ്ററില്‍ കുറിച്ചത്.