News - 2025
സുവിശേഷപ്രഘോഷകന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റിയ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകന്‍ 25-01-2018 - Thursday
തമിഴ്നാട്ടിലെ കല്‍പ്പാക്കത്തിനടുത്തുള്ള അടൈയാളചേരി ഗ്രാമത്തിൽ ഗിദിയോണ്‍ പെരിയസ്വാമി (43) എന്ന സുവിശേഷപ്രഘോഷകന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റിയ പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ മൃതദേഹം ദുരൂഹമായ സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസില്‍ പരാതിപ്പെട്ട് ഒരാഴ്ച കഴിഞ്ഞപ്പോളാണ് ദേവാലയത്തിന് പിറകിലുള്ള ഭവനത്തിന്റെ മേല്‍ക്കൂരയില്‍ തൂക്കപ്പെട്ട നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നുവെന്ന് ദ്രിക്സാക്ഷികള്‍ പറയുന്നു. കൊലചെയ്തതിനു ശേഷം കെട്ടിത്തൂക്കിയ രീതിയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
ആ മേഖലയില്‍ ക്രിസ്തുമതത്തിന്റെ വളര്‍ച്ചയില്‍ ഹിന്ദുത്വ-ദേശീയ വാദികള്‍ അസ്വസ്ഥരായിരുന്നു. അതിനാല്‍ തന്നെ ക്രിസ്തുമതത്തിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിക്കുകയും, സര്‍വ്വരാലും ആദരിക്കപ്പെടുകയും ചെയ്തിരുന്ന സുവിശേഷപ്രഘോഷകനായിരുന്ന ഗിദിയോണ്‍ ഹിന്ദുത്വവാദികളുടെ കണ്ണിലെ കരടായി മാറി. അദ്ദേഹത്തിന്റെ ജീവന് നിരന്തര ഭീഷണിയുണ്ടായിരുന്നതായി പറയപ്പെടുന്നു. ഒരു ഹിന്ദുവായിരുന്ന അദ്ദേഹം 25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യേശുക്രിസ്തുവിലൂടെ മാത്രമേ രക്ഷപ്രാപിക്കാൻ സാധിക്കൂ എന്ന സത്യം തിരിച്ചറിഞ്ഞ് ക്രിസ്തുമതം സ്വീകരിച്ചത്.
ഇത് ഒരു സാധാരണ തൂങ്ങിമരണമല്ലെന്ന് തെളിയിക്കുന്ന വ്യക്തമായ അടയാളങ്ങള്‍ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നുവെങ്കിലും പോലീസ് ഇതിനെ ആത്മഹത്യയാക്കി മാറ്റുകയായിരുന്നു. ക്രിസ്ത്യാനികളുടെ ഇടയില്‍ ഭീതിപരത്തുക എന്നതാണ് ഈ കൊലപാതകത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് ആ മേഖലയിലെ വിശ്വാസികൾ അഭിപ്രായപ്പെടുന്നു.
പോലീസ് നടപടിക്കെതിരെ ഏതാണ്ട് 2,000-ത്തോളം വരുന്ന ക്രിസ്ത്യാനികള്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒരുമിച്ചുകൂട്ടി പ്രതിഷേധിക്കുകയുണ്ടായി. സുവിശേഷപ്രഘോഷകന്റെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് സംശയിക്കപ്പെടുന്ന ഉന്നതജാതിക്കാരായ നാലു പേരെ അറസ്റ്റുചെയ്യണമെന്നും, ഡോക്ടര്‍മാരുടെ നിഷ്പക്ഷ സംഘത്തെകൊണ്ട് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ മാസങ്ങളായി ഒരു ഞായറാഴ്ച പോലും സമാധാനപരമായി ആരാധനകള്‍ നടത്തുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് വിശ്വാസികൾ അഭിപ്രായപ്പെടുന്നു. പലപ്പോഴും ദേവാലയത്തിന് നേരെ ഹിന്ദുത്വവാദികളില്‍ നിന്നും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേര്‍ത്തു.
ഹിന്ദുത്വവാദികള്‍ നടത്തുന്ന ആക്രമണങ്ങളെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടില്ലന്നു നടിക്കുന്നതാണ് ക്രിസ്ത്യാനികള്‍ക്ക് നേരെ ഇന്ത്യയിൽ നടക്കുന്ന അക്രമങ്ങളുടെ മുഖ്യകാരണം. ഏതാണ്ട് 64 ദശലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഇന്ത്യയിലുണ്ടെന്ന് കരുതപ്പെടുന്നു. ഇവര്‍ ഇന്ത്യ തങ്ങളുടെ മാതൃരാജ്യമാണെന്ന് അവകാശപ്പെടുമ്പോഴും ഹിന്ദു ദേശീയവാദികള്‍ ക്രിസ്ത്യാനികളെ പുറത്തുനിന്നുള്ളവരായാണ് കാണുന്നത്.