News - 2025
ഗ്രാമി അവാര്‍ഡ് വേദിയില്‍ ജീവന്റെ മഹത്വം പ്രഘോഷിച്ച് അമേരിക്കന്‍ ഗായിക
സ്വന്തം ലേഖകന്‍ 29-01-2018 - Monday
ന്യൂയോര്‍ക്ക് സിറ്റി: മനുഷ്യജീവന്റെ മഹത്വത്തെ പ്രഘോഷിച്ച് ഗ്രാമി അവാര്‍ഡ് ദാന ചടങ്ങില്‍ ശ്രദ്ധ നേടിക്കൊണ്ട് അമേരിക്കന്‍ ഗായിക ജോയ് വില്ല. താനൊരു പ്രോലൈഫ് വനിതയാണെന്ന് പ്രഖ്യാപിക്കുന്ന രീതിയിലുള്ള വസ്ത്രവും ധരിച്ചാണ് സുപ്രസിദ്ധ ഗായികയായ ജോയ് വില്ല 60-ാമത് ഗ്രാമി അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയത്. മഴവില്ല് തീര്‍ത്ത വൃത്തത്തിനുള്ളില്‍ കിടക്കുന്ന ഗര്‍ഭസ്ഥ ശിശുവിന്റെ ചിത്രം പെയിന്റ് ചെയ്ത് വെള്ള വിവാഹ വസ്ത്രമായിരുന്നു ജോയ് വില്ലയുടെ വേഷം’. “ചൂസ് ലൈഫ്” എന്നെഴുതിയിട്ടുള്ള വെള്ളനിറത്തിലുള്ള ഹാന്‍ഡ് ബാഗും താരത്തിന്റെ കയ്യിലുണ്ടായിരുന്നു.
താനൊരു പ്രോലൈഫ് വനിതായാണെന്നും 'പ്രോലൈഫ്' പരമായ തന്റെ കാഴ്ചപ്പാട് റെഡ് കാര്‍പ്പറ്റില്‍ പ്രകടമാക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായും പിന്നീട് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. ഗർഭച്ഛിദ്രത്തേക്കാള്‍ താന്‍ പിന്തുണക്കുന്നത് ദത്തെടുക്കലിനെയാണെന്നും താരം തുറന്നു പറഞ്ഞു. ഇരുപത്തിആറുകാരിയായ ജോയ് വില്ല സുപ്രസിദ്ധ അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമാണ്. ഗ്രാമി അവാര്‍ഡ് ദാന ചടങ്ങുകളില്‍ ധരിക്കുന്ന വസ്ത്രങ്ങളിലെ വ്യത്യസ്തത കൊണ്ട് ഇതിനുമുന്‍പും അവര്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ ‘മേക്ക് അമേരിക്ക ഗ്രേറ്റ്’ എന്നെഴുതിയ വസ്ത്രവും, തിളങ്ങുന്ന ആഭരണങ്ങളും ധരിച്ചുകൊണ്ടായിരുന്നു കഴിഞ്ഞവര്‍ഷത്തെ ഗ്രാമിയില്‍ താരം പങ്കെടുത്തത്. ഇത്തവണ, പ്രസിഡന്റ് ട്രംപിനെ പിന്തുണക്കുവാനും അവര്‍ മറന്നില്ല. അമേരിക്കയില്‍ തൊഴിലില്ലായ്മ കുറഞ്ഞുവെന്ന കാര്യവും ട്രംപിന്റെ ടാക്സ് പരിഷ്ക്കാരങ്ങളെ പുകഴ്ത്തുവാനും ജോയ് വില്ല ഗ്രാമി വേദിയുടെ അവസരമുപയോഗിച്ചു. പ്രസിഡന്റിന്റെ മകളായ ഇവാന്‍കയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും അവര്‍ പറയുകയുണ്ടായി.