News - 2025
ബ്രിട്ടീഷ് മാർച്ച് ഫോർ ലൈഫിനായി ലണ്ടൻ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍ 02-02-2018 - Friday
ലണ്ടൻ: ജീവന്റെ മഹത്വത്തെ പ്രഘോഷിച്ച് അമേരിക്കയിലും ഫ്രാന്‍സിലും നടന്ന 'മാർച്ച് ഫോർ ലൈഫ്' റാലിക്ക് ശേഷം പ്രോലൈഫ് റാലിക്കായി ബ്രിട്ടനും തയാറെടുക്കുന്നു. മെയ് അഞ്ചിന് ലണ്ടനിൽ വച്ചാണ് 'ബ്രിട്ടീഷ് മാർച്ച് ഫോർ ലൈഫ്' നടത്തപ്പെടുക. കഴിഞ്ഞ അറു വർഷമായി ബിര്‍മിംങ്ഹാമിലാണ് റാലി സംഘടിപ്പിച്ചിരുന്നത്. അബോർഷൻ ആക്റ്റ് നിലവിൽ വന്നതിനെതിരെ 2012ൽ ആരംഭിച്ചതാണ് പ്രതിഷേധറാലി. ആരംഭ കാലഘട്ടങ്ങളില്‍ റാലിക്ക് ആളുകളുടെ പ്രാതിനിധ്യം കുറവായിരിന്നെങ്കിലും ഇപ്പോള്‍ ആയിരകണക്കിന് പ്രോലൈഫ് പ്രവര്‍ത്തകരാണ് ഓരോ വർഷവും മാർച്ച് ഫോർ ലൈഫിൽ പങ്കെടുക്കുന്നത്.
ഭ്രൂണഹത്യയ്ക്കെതിരായ അവബോധം സമൂഹത്തില്‍ എത്തിക്കുക, ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കുക എന്നിവയാണ് റാലിയുടെ ലക്ഷ്യം. റാലിയോടനുബന്ധിച്ച് ഇത്തവണ പാർലമെന്റ് സ്ക്വയറില്‍ പ്രഭാഷണവും വെസ്റ്റ്മിന്‍സ്റ്റർ സെൻട്രൽ ഹാളില്‍ പ്രോലൈഫ് എക്സിബിഷനും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കും. യുകെയിൽ പ്രോലൈഫ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ മുന്നോടിയാണ് മാർച്ച് ഫോർ ലൈഫ് ലണ്ടനിൽ നടത്തുന്നതെന്ന് സംഘാടകർ കാത്തലിക് ഹെറാള്‍ഡ് മാധ്യമത്തോട് പറഞ്ഞു. 1967-ല്‍ ആണ് യുകെയില്‍ ഗര്‍ഭഛിദ്രം നിയമപരമാക്കിയത്.