News - 2025

59 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി തുര്‍ക്കി പ്രസിഡന്റ് വത്തിക്കാനില്‍

സ്വന്തം ലേഖകന്‍ 06-02-2018 - Tuesday

വത്തിക്കാന്‍ സിറ്റി: തുര്‍ക്കി പ്രസിഡന്റ് റസിപ് ഏര്‍ദോഗന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. 59 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു തുര്‍ക്കി പ്രസിഡന്റ് വത്തിക്കാന്‍ സന്ദര്‍ശിക്കുന്നത്. ഭാര്യയും മകളും അഞ്ചു മന്ത്രിമാരും അടങ്ങുന്ന സംഘം ഏര്‍ദോഗനു ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയില്‍ ജറുസലേമും പശ്ചിമേഷ്യയിലെ മറ്റു പ്രശ്‌നങ്ങളും ചര്‍ച്ചയായി. മേഖലയില്‍ സമാധാനം കൊണ്ടുവരണമെന്നും മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കപ്പെടണമെന്നും ഇരുവരും ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു.

സന്ദര്‍ശനത്തില്‍ ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറി. മാലാഖയുടെ രൂപമുള്ള ലോക്കറ്റാണ് റസിപ് ഏര്‍ദോഗനു പാപ്പ സമ്മാനിച്ചത്. ഇത് യുദ്ധപ്പിശാചിനെ വധിക്കുന്ന സമാധാനത്തിന്റെ മാലാഖയാണെന്നു പാപ്പ പറഞ്ഞു. മൗലാന റൂമിയുടെ പുസ്തകങ്ങള്‍ അടക്കമുള്ള സമ്മാനങ്ങളാണ് എര്‍ദോഗന്‍ മാര്‍പാപ്പയ്ക്കു നല്‍കിയത്. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വത്തിക്കാന്‍റെ വിദേശകാര്യാലയമേധാവി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാല്ലഗെറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.


Related Articles »