News - 2025

കീമോ ചെയ്തവരുടെ കണ്ണീര്‍ തുടക്കാന്‍ മുടി നീട്ടിയത് ഒന്നരവര്‍ഷം; ഇത് റോഫിനച്ചന്റെ കരുണയുടെ സാക്ഷ്യം

സ്വന്തം ലേഖകന്‍ 07-02-2018 - Wednesday

പുനലൂർ: മുന്‍ വര്‍ഷങ്ങളിലെ പോലെ ഫെബ്രുവരി 4നു ലോകം മറ്റൊരു ക്യാന്‍സര്‍ ദിനം കൂടി ആചരിച്ചു. ഏറെ ബോധവത്ക്കരണ പരിപാടികളും സെമിനാറുകളും വിവിധയിടങ്ങളില്‍ നടന്നു. എന്നാല്‍ പുനലൂർ ലത്തീൻ രൂപതയിലെ ഏനാത്ത്‌ ഹോളി സ്‌പിരിറ്റ്‌ ദേവാലയത്തിലെ വികാരിയും പത്തനംതിട്ട ഫൊറോന കെ.സി.വൈ.എം. ഡയറക്‌ടറുമായ ഫാ. റോഫിൻ റാഫേലിന് ഇത്തവണത്തെ ക്യാന്‍സര്‍ ദിനം അഭിമാനത്തിന്റെ നിമിഷങ്ങളായിരിന്നു.

കീമോ തെറാപ്പിയിലൂടെ മുടി നഷ്‌ടപ്പെടുന്ന ക്യാൻസർ രോഗികളുടെ വേദന തിരിച്ചറിഞ്ഞ ഈ യുവവൈദികന്‍ ഒന്നര വര്‍ഷം മുന്‍പാണ് മുടിനീട്ടാന്‍ ആരംഭിച്ചത്. ലക്ഷ്യം ഒന്ന് മാത്രം, തന്റെ മുടി കീമോചെയ്തു മുടി നഷ്ട്ടപ്പെടുന്നവര്‍ക്ക് കൊടുക്കുക. ഇതിന്റെ ഫലപ്രാപ്തിയാണ് കഴിഞ്ഞ ദിവസം നടന്നത്. പുനലൂർ രൂപതക്ക്‌ കീഴിലെ സാമൂഹ്യ സംഘടനയായ പുനലൂർ സോഷ്യൽ സർവ്വീസ്‌ സൊസൈറ്റി നടത്തിയ കാൻസർ ദിനാചരണ പരിപാടിയുടെ ഭാഗമായി ഫാ. റോഫിൻ മുടി ദാനം ചെയ്തു.

തൃശൂർ അമല സെന്റർ ഫോർ മെഡിക്കൽ സയൻസുമായി സഹകരിച്ചാണ്‌ പുനലൂർ സോഷ്യൽ സർവ്വീസ്‌ സൊസൈറ്റി പരിപാടി സംഘടിപ്പിച്ചത്‌. റോഫിനച്ചനെ കൂടാതെ പത്തോളം പേരും മുടിദാനം ചെയ്തു. യുവ വൈദികനായ ഫാ. റോഫിന്റെ പ്രവർത്തനം അഭിനന്ദനാർഹമെന്ന്‌ പുനലൂർ രൂപതാ ബിഷപ്‌ ഡോ. സിൽവെസ്റ്റർ പൊന്നുമുത്തൻ പറഞ്ഞു. കഴിഞ്ഞ 4 വർഷമായി പൂനലൂർ രൂപതക്ക്‌ വേണ്ടി സേവനമനുഷ്‌ടിക്കുന്ന IVDei സഭാഗമായ ഫാ. റോഫിൻ റാഫേൽ കോട്ടപ്പുറം രൂപതയിലെ തുരുത്ത്‌ സെന്റ്‌ തോമസ്‌ ഇടവകാംഗവും ജോസഫ്‌-ക്ലാര ദമ്പതികളുടെ മകനുമാണ്.


Related Articles »