News - 2025

മധ്യപൂര്‍വ്വേഷ്യയിലെ പ്രശ്നങ്ങളെ വകവെക്കാതെ വിശുദ്ധ നാട്ടിലേക്ക് വിശ്വാസികളുടെ പ്രവാഹം

സ്വന്തം ലേഖകന്‍ 07-02-2018 - Wednesday

ജറുസലേം: മധ്യപൂര്‍വ്വേഷ്യയിലെ പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോഴും വിശുദ്ധ നാട്ടിലേക്കുള്ള വിശ്വാസികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. ജനുവരി 2018-ല്‍ ജെറുസലേം സന്ദര്‍ശിച്ച ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ക്രിസ്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നു. ജെറുസലേമിലെ താപനിലയോ, അമേരിക്കന്‍ പ്രസിഡന്റ് ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളോ, തണുത്ത കാലാവസ്ഥയോ തീര്‍ത്ഥാടകരുടെ പ്രവാഹത്തില്‍ യാതൊരു കുറവും വരുത്തിയിട്ടില്ലായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇസ്രായേല്‍ ടൂറിസം മന്ത്രാലയം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രിസ്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഡയറക്ടറായ ബ്രദര്‍ തോമസ്‌ ഡൂബിയേല്‍ നല്‍കിയ കണക്കനുസരിച്ച്, 2016 ജനുവരിയില്‍ 390-ഓളം തീര്‍ത്ഥാടക സംഘങ്ങളിലായി 11,000-ത്തോളം വിശ്വാസികള്‍ വിശുദ്ധനാട് സന്ദര്‍ശിച്ചു. ഇതേ കാലയളവില്‍ 2017-ല്‍ 529 തീര്‍ത്ഥാടക സംഘങ്ങളിലായി 16,000-ത്തോളം വിശ്വാസികളാണ് വിശുദ്ധനാട് സന്ദര്‍ശിച്ചത്. 2018 ജനുവരി ആയപ്പോഴേക്കും തീര്‍ത്ഥാടക സംഘങ്ങളുടെ എണ്ണം 770 ആയും, തീര്‍ത്ഥാടകരുടെ എണ്ണം 26,000മായും ഉയര്‍ന്നു.

2016-മായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികം വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അതേസമയം ജനുവരിയില്‍ ക്രിസ്തുമസ്സ് ആഘോഷിച്ച ഓര്‍ത്തഡോക്സ് തീര്‍ത്ഥാടകരുടെ എണ്ണം ഈ കണക്കുകളില്‍ വന്നിട്ടില്ലെന്നതു ശ്രദ്ധേയമാണ്. ഇതും കൂടി ഉള്‍പ്പെടുമ്പോള്‍ വന്‍ മാറ്റമാണ് ഉണ്ടാകുക. തിരുകല്ലറയുടെ ദേവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ലാറ്റിന്‍ ചാപ്പലിന്റെ പുരോഹിതനായ ഫാ. ഓക്സെന്‍ക്ജൂസ് ഗാഡ് സ്ഥിരീകരിക്കുന്നു. ഇപ്പോള്‍ സന്ദര്‍ശിക്കുന്നവരില്‍ കൂടുതല്‍ പേരും ഏഷ്യയില്‍ നിന്നുമുള്ളവരാണെന്നു അദ്ദേഹം വെളിപ്പെടുത്തി.

യൂറോപ്പ്, ചൈന, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദേവാലയങ്ങള്‍ പരിപാലിക്കുന്നതിനൊപ്പം വിശുദ്ധ നാട് സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കുവാന്‍ ഫ്രാന്‍സിസ്കന്‍ സന്യാസിമാരാണ് സദാ നിലകൊള്ളുന്നത്. മധ്യപൂര്‍വ്വേഷ്യയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാണെങ്കിലും ധൈര്യപൂര്‍വ്വം വിശുദ്ധ നാട്ടിലേക്ക് കടന്നുവരുവാന്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ബ്രദര്‍ ഫ്രാന്‍സെസ്കോ പാറ്റണ്‍ നേരത്തെ തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.


Related Articles »