News - 2024

എമിരിറ്റസ് ബനഡിക്ട് മാർപാപ്പയുടെ ആരോഗ്യസ്ഥിതി മോശം

സ്വന്തം ലേഖകന്‍ 08-02-2018 - Thursday

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ മുന്‍ അധ്യക്ഷന്‍ ബനഡിക്ട് മാർപാപ്പയുടെ ആരോഗ്യസ്ഥിതി മോശം. ഇറ്റലിയിലെ പ്രധാന ദിനപത്രങ്ങളിലൊന്നായ കൊറിയേരെ ഡെല്ല സേറയ്ക്കയച്ച കത്തിലാണ് പാപ്പ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യം മോശമാണെന്നും ജീവിതത്തിന്റെ അന്ത്യഘട്ടത്തിലേക്കു നീങ്ങുന്ന അവസരത്തില്‍ ഇത്രമാത്രം സ്‌നേഹം ലഭിക്കുന്നതു വലിയ കൃപയായി കരുതുന്നുവെന്നും ബനഡിക്ട് പതിനാറാമന്‍ കത്തില്‍ കുറിച്ചു.

അനവധി വായനക്കാര്‍ തന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാഞ്ഞതായി അറിഞ്ഞതിനെത്തുടര്‍ന്നാണു കത്ത് എഴുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.സ്വർഗീയ ഭവനത്തോടടുക്കുന്നതിന്റെ സൂചനകൾ തന്റെ ശരീരം കാണിച്ചുതുടങ്ങിയതായും തന്‍റെ അവസാനയാത്രയുടെ സമയത്ത് പ്രതീക്ഷിച്ചതില്‍ ഏറെ സ്നേഹം തനിക്ക് ലഭിച്ചെന്നും അദ്ദേഹം കത്തിൽ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമൻ അത്യാസന്ന നിലയില്‍ മരണകിടക്കയിലാണെന്നു സോഷ്യല്‍ മീഡിയായില്‍ വാര്‍ത്ത പ്രചരിച്ചിരിന്നു. പിന്നീട് ഇതിനെ നിഷേധിച്ച്കൊണ്ട് പേഴ്സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ് ഗാൻസ്വെയിൻ തന്നെ രംഗത്തെത്തി. മൂന്നു മാസങ്ങള്‍ക്ക് ശേഷം തന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് പാപ്പ തന്നെയാണ് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. 90 വയസ്സുള്ള ബനഡിക്ട് പാപ്പ 2013-ല്‍ ആണ് സ്ഥാനത്യാഗം ചെയ്തത്.


Related Articles »