News - 2024

ക്രൈസ്തവ പീഡനത്തിന് എതിരെ ആഞ്ഞടിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ 09-02-2018 - Friday

ലണ്ടന്‍: ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന മതപീഡനങ്ങളെ പ്രതിരോധിക്കേണ്ടതുണ്ടെന്നും, മറ്റ് രാജ്യങ്ങളേയും ഇതിനെക്കുറിച്ച് ബോധവാന്‍മാരാക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്. ചോദ്യോത്തര വേളയില്‍, അന്താരാഷ്ട്ര സഹായനിധിയില്‍ നിന്നും ഒരു ഭാഗം മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നീക്കിവെക്കേണ്ടതല്ലേയെന്ന ചിപ്പെന്‍ഹാമില്‍ നിന്നുള്ള പാര്‍ലമെന്റംഗം മിഷേല്‍ ഡൊണേലാന്റെ ചോദ്യത്തിനുത്തരമായാണ് തെരേസാ മെയുടെ പ്രതികരണം. മതപീഡനത്തിനിരയാകുന്നവരെ സ്വന്തം നിലക്ക് സഹായിക്കുവാനുള്ള വഴികള്‍ ബ്രിട്ടന്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും, അവര്‍ക്കുള്ള സഹായം അര്‍ഹിക്കുന്നവരില്‍ എത്തിക്കുന്നതിനുമായി അന്താരാഷ്ട്ര സമൂഹവും, ഭരണകൂടങ്ങളും, ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന കൂടിക്കാഴ്ചയില്‍, ഇറാഖിലെ നിനവേയില്‍ നിന്നുമുള്ള വൈദികനായ ഫാ. ഡാനിയല്‍ തന്റെ സഭാംഗങ്ങള്‍ക്ക് നിനവേയില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെകുറിച്ച് പറഞ്ഞ കാര്യവും തെരേസാ മെയ് വിവരിച്ചു.

അഗ്നിക്കിരയാക്കപ്പെട്ട ദേവാലയത്തില്‍ നിന്നും ഭാഗികമായി കത്തിയ നിലയിലുള്ള ഒരു ബൈബിള്‍ അദ്ദേഹം തനിക്ക് സമ്മാനിച്ചെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ മതപീഡനത്തിനിരയാകുന്നുണ്ടെന്ന കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചതില്‍ താന്‍ സന്തുഷ്ടയാണെന്നായിരുന്നു യു.കെ-അയര്‍ലാന്‍ഡ് ‘ഓപ്പണ്‍ ഡോര്‍സ്’ന്റെ ഔദ്യോഗിക വക്താവായ സോയ് സ്മിത്തിന്റെ പ്രതികരണം. മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികള്‍ക്കായി കൂടുതലായി ചെയ്യുവാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തന്നാല്‍ കഴിയുംവിധം ശ്രമിക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു.


Related Articles »